അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്; വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ഹർജിക്കാരോട് സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്
സുപ്രീംകോടതി |ഫോട്ടോ:ANI
സുപ്രീംകോടതി |ഫോട്ടോ:ANI

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ് രാഷ്ട്രീയവത്ക്കരിക്കരുതെന്ന് സുപ്രീം കോടതി. ക്ഷേത്ര ട്രസ്റ്റ് ധനകാര്യങ്ങളിൽ സിബിഐ അന്വേഷണവും ഓഡിറ്റും ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് സൂര്യ കാന്താണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

'രാഷ്ട്രീയം കളിക്കരുത്. ഇത് ക്രിമിനൽ നിയമപ്രകാരം ലളിതമായ കേസാണ്. ഇതിന് വേണ്ടത് ഒരു ശരിയായ, സത്യസന്ധമായ അന്വേഷണമാണ്. അങ്ങനെ യുക്തിസഹമായ നിഗമനത്തിലെത്താനാകും', ചീഫ് ജസ്റ്റിസ് ഹർജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരോട് പറഞ്ഞു. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ ഓഡിറ്റും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.

കേസിൽ ഉത്തർപ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അന്വേഷണം നീതിയുക്തവും സുതാര്യവുമായിരിക്കണമെന്നും അത് യുക്തിസഹമായ അന്ത്യത്തിൽ എത്തിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു.

ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ സി.ബി.ഐഅന്വേഷണം, സി.എ.ജി ഓഡിറ്റ്, ഫോറൻസിക് ഓഡിറ്റ് എന്നിവ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ക്ഷേത്രത്തിനായി നൽകിയ സ്വർണവും വെള്ളിയും കാണാതായെന്നും സംഭാവനയായി ലഭിച്ച തുകയ്ക്ക് കൃത്യമായ കണക്കില്ലെന്നും സീനിയർ അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് ഹർജിക്കാർക്കുവേണ്ടി വാദിച്ചു.

സംഭാവനകൾ നൽകിയവർക്ക് അത് ക്ഷേത്രത്തിൽ എത്തിയോ എന്ന് പരിശോധിക്കാൻ വെബ്‌സൈറ്റിലൂടെ വിവരങ്ങൾ ലഭ്യമാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കോടതി അത് അനുവദിച്ചില്ല. എന്നാൽ, സംഭാവനകൾ സ്വീകരിക്കുമ്പോൾ നൽകുന്ന രസീതുകളുടെ കൃത്യമായ രേഖകൾ ട്രസ്റ്റ് സൂക്ഷിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

സ്റ്റാറ്റസ് റിപ്പോർട്ട് പ്രാഥമികമായി പരിശോധിച്ച സുപ്രീംകോടതി ബെഞ്ച് അന്വേഷണം ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൊണ്ടുവരാൻ സംസ്ഥാനത്തോട് ആവശ്യപ്പെടുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ചശേഷം വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

Content Highlights: Supreme Court warns against politicizing the Ayodhya temple donation fraud case., Court mandates a transparent and fair investigation into financial irregularities., UP Police SIT has already arrested eight individuals in connection with the case., Court rejects public website tracking for donations but mandates strict receipt record-keeping., Investigation to be overseen by a senior IPS officer as per court directive.