അയോധ്യ സംഭാവനക്കൊള്ള അന്വേഷിക്കാൻ മലയാളിയുടെ നേതൃത്വത്തിൽ പുതിയ എസ്.ഐ.ടി; കേസ് ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അയോധ്യാ രാമക്ഷേത്ര സംഭാവനക്കൊള്ള അന്വേഷിക്കുന്ന പ്രത്യേകസംഘത്തെ (എസ്.ഐ.ടി.) ഉത്തർപ്രദേശ് സർക്കാർ പുനഃസംഘടിപ്പിച്ചു. ലഖ്‌നൗ റേഞ്ച് ഐ.ജി.യും തിരുവനന്തപുരം സ്വദേശിയുമായ എസ്. കിരണിന്റെ നേതൃത്വത്തിലാണ് മൂന്നംഗ സംഘം പ്രവർത്തിക്കുക. അയോധ്യയിലെ ഡി.ഐ.ജി. സോമെൻ ബർമ, എസ്.എസ്.പി. ഗൗരവ് ഗ്രോവർ എന്നിവരാണ് എസ്.ഐ.ടി.യിലെ മറ്റംഗങ്ങൾ.
സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണ് മുതിർന്ന മൂന്ന് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി എസ്.ഐ.ടി. പുനഃസംഘടിപ്പിച്ചത്. നേരത്തേ ലഖ്‌നൗ ഡിവിഷണൽ കമ്മിഷണറും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ വിജയ് വിശ്വാസ് പന്തും സ്പെഷ്യൽ സെക്രട്ടറി (ധനകാര്യം) നീൽ രത്തൻ കുമാറുമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
സംഭാവനക്കൊള്ള ക്രിമിനൽക്കുറ്റമാണെന്നും അതിനാൽ പ്രത്യേക സാങ്കേതിക പരിശോധനകൾതന്നെ ആവശ്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു. പുതിയ എസ്.ഐ.ടി. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇതുവരെ എട്ടുപേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽനിന്ന് പണവും സ്വർണവും വാഹനങ്ങളും മറ്റും കണ്ടെടുത്തിരുന്നു.
2008 ബാച്ച് യു.പി. കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ എസ്. കിരൺ ഫ്രാൻസിൽ ഇന്റർപോൾ ആസ്ഥാനത്തെ ഡെപ്യൂട്ടേഷൻ കഴിഞ്ഞാണ് ജനുവരിയിൽ ലഖ്‌നൗ റേഞ്ച് ഐ.ജി.യായി ചുമതലയേറ്റെടുത്തത്. നേരത്തേ നോയിഡ, ഝാൻസി, സുൽത്താൻപുർ, പ്രതാപ്ഗഢ് തുടങ്ങിയ ജില്ലകളിൽ ജില്ലാ പോലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്റർപോളിലെ സേവനത്തിന് ഇന്റർപോൾ മെഡൽ ഓഫ് എക്സലൻസ് ലഭിച്ചിട്ടുണ്ട്. ഏഴുവർഷത്തോളം ഡൽഹിയിൽ സി.ബി.ഐ.യിലും പ്രവർത്തിച്ചു.
കേസ് ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: അയോധ്യാരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ സി.ബി.ഐ.യുടെ നേതൃത്വത്തിൽ സ്വതന്ത്രാന്വേഷണം തേടുന്ന ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേശ് കുമാർ യാദവ് എന്നിവരും ആർ.ജെ.ഡി. എം.പി. സുധാകർ സിങ്ങും നൽകിയ ഹർജികളാണ് പരിഗണിക്കുന്നത്.
Content Highlights: UP government reconstituted a 3-member SIT to probe the Ram Temple donation fraud., IG S. Kiran leads the team alongside DIG Somen Barma and SSP Gaurav Grover., The move follows Supreme Court directives emphasizing the need for technical investigation., Eight suspects have been arrested so far with recoveries of cash, gold, and vehicles., The new SIT is expected to submit a status report to the Supreme Court.