പൂണൂൽ ധരിക്കാറുണ്ടോ? മാംസം കഴിക്കുമോ?; അയോധ്യ രാമക്ഷേത്രത്തിലെ CEO പരീക്ഷയിൽ വ്യക്തിഗത ചോദ്യങ്ങൾ

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലെ ആദ്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (CEO) ആകാൻ ഭരണ പരിചയവും നേതൃപാടവവും മാത്രം പോര. ചില വ്യക്തിഗത ചോദ്യങ്ങൾക്ക് കൂടി കൃത്യമായ മറുപടി നൽകേണ്ടി വരും. പൂണൂൽ ധരിക്കുന്ന ആളാണോ? സമ്പൂർണ സസ്യാഹാരിയാണോ അതോ മാംസാഹാരം കഴിക്കാറുണ്ടോ? മദ്യപിക്കുന്ന ശീലമുണ്ടോ? തുടങ്ങി നിരവധി വ്യക്തിഗത ചോദ്യങ്ങളാണ് ഉദ്യോഗാർഥികൾ നേരിട്ടത്.
5200 പേരാണ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ നൽകിയത്. ഇതിൽ നിന്ന് 18 പേരെയാണ് അന്തിമ അഭിമുഖത്തിനായി ക്ഷണിച്ചത്. അഭിമുഖത്തിന് മുന്നോടിയായി ഉദ്യോഗാർഥികൾക്ക് പൂരിപ്പിക്കാൻ നൽകിയ ഗൂഗിൾ ഫോമിൽ 34 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഉദ്യോഗാർഥികളുടെ കുടുംബ പശ്ചാത്തലം, മുൻകാല തൊഴിൽപരിചയം, വലിയ മതപരമായ ചടങ്ങുകളിലെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലുള്ള അനുഭവം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഗൂഗിൾ ഫോമിൽ ഉണ്ടായിരുന്നു.
ഭഗവാൻ രാമനിലുള്ള വിശ്വാസം, ക്ഷേത്രത്തിന്റെ മതപരവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉദ്യോഗാർഥികളോട് ചോദിച്ചിരുന്നു. നിങ്ങൾ കുടുമ വെക്കാറുണ്ടോ എന്ന ചോദ്യവും ചോദ്യാവലിയിൽ ഉണ്ടായിരുന്നു. മൂന്ന് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരും ഒരു മുൻ ഐപിഎസ് ഉദ്യോഗസ്ഥനും വിരമിച്ച നാല് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ എട്ട് പേരെയാണ് തസ്തികയിലേക്ക് അന്തിമമായി തയ്യാറാക്കിയ ചുരുക്കിയ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രത്തിലെ ഭരണസമിതിക്ക് നേതൃത്വം നൽകിയ വ്യക്തിയും ഉണ്ട്.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹവാരെ എന്നിവർ ആണ് ഉദ്യോഗാർഥികളെ അഭിമുഖം നടത്തി ചുരുക്ക പട്ടിക തയ്യാറാക്കുന്ന സെലെക്ഷൻ കമ്മിറ്റിയിൽ ഉള്ളത്. സെപ്റ്റംബർ 2ന് ട്രസ്റ്റിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. അതിന് മുമ്പായി സെലക്ഷൻ കമ്മിറ്റി മൂന്ന് പേരുടെ പേരുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് ട്രസ്റ്റിന് സമർപ്പിക്കും. തുടർന്ന് ട്രസ്റ്റ് ഈ മൂന്ന് പേരെയും അഭിമുഖം നടത്തി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ പ്രഖ്യാപിക്കും.
Content Highlights: 5,200 applicants applied for the Ayodhya Ram Temple CEO position., 18 candidates were shortlisted for the final interview., Candidates faced personal questions regarding dietary habits, sacred thread, and lifestyle., Selection committee includes retired judges, bureaucrats, and military officials.