അയോധ്യയിൽ രാമരക്ഷായന്ത്ര പ്രതിഷ്ഠ; ഭാരത സംസ്കാരത്തിന്‍റെ നിത്യപ്രകാശമാണ് രാമനെന്ന് മാതാ അമൃതാനന്ദമയി

അയോധ്യ: ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവർഷത്തിന്‍റെയും തുടക്കംകുറിക്കുന്ന ശുഭ മുഹൂർത്തത്തിൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ രാമരക്ഷായന്ത്ര പ്രതിഷ്ഠ നടന്നു. മന്ത്രമുഖരിതമായ അന്തരീക്ഷത്തിൽ നടന്ന പ്രതിഷ്ഠാ കർമ്മത്തിൽ രാഷ്ട്രപതി ദ്രൌപതി മുർമ്മു, മാതാ അമൃതാനന്ദമയി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി അദിത്യനാഥ്, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറർ ഗോവിന്ദദേവ് ഗിരിജി തുടങ്ങിയവർ പങ്കെടുത്തു.
അയോധ്യ ഭാരതത്തിന്‍റെ ആത്മീയവും സാംസ്കാരികവുമായ ഊർജ കേന്ദ്രമാണെന്നും രാമക്ഷേത്ര നിർമാണം ഒരു പുതിയ യുഗത്തിന്‍റെ തുടക്കമാണെന്നും പറഞ്ഞ രാഷ്ട്രപതി, രാമരാജ്യം എന്നാൽ നീതിയും തുല്യതയും അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമാണെന്നും വ്യക്തമാക്കി.
ഭാരതീയ സംസ്കാരത്തിന്‍റെയും ഋഷിപരമ്പരയുടെയും ഉത്തമ മാതൃകയാണ് ശ്രീരാമചന്ദ്രൻ എന്ന് അനുഗ്രഹ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു. മൂല്യച്യുതി സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ രാമായണവും ശ്രീരാമന്‍റെ ജീവിതവും നമ്മിൽ ധർമ്മബോധവും ആത്മബലവും സ്വാർത്ഥതയില്ലാത്ത കർമ്മശീലവും ഉണർത്തുമെന്നും അമ്മ പറഞ്ഞു.
കാശിയിലെ പ്രശസ്ത ആചാര്യനായ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്‍റെ നേതൃത്വത്തിൽ 51 വൈദിക ആചാര്യന്മാരാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചത്.
കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രത്തിന്‍റെ ധർമ്മാധികാരി വീരേന്ദ്ര ഹെഗ്‌ഡെ, ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ തുടങ്ങിയവരും ചടങ്ങിൽ വിശിഷ്ഠാതിഥികളായി പങ്കെടുത്തു. ശ്രീരാമ ക്ഷേത്രം നിർമ്മിച്ച 400 നിർമ്മാണ തൊഴിലാളികളെ ചടങ്ങിൽ രാഷ്ട്രപതി ആദരിച്ചു. സെൻട്രൽ സംസ്‌കൃത സർവകലാശാല സമ്മാനിച്ച 400 വർഷം പഴക്കമുള്ള വാൽമീകി രാമായണത്തിന്‍റെ കൈയെഴുത്തു പ്രതി ക്ഷേത്ര സമുച്ചയത്തിൽ ഔദ്യോഗികമായി സ്ഥാപിക്കുകയും ചെയ്തു.
ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ്, വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര രക്ഷാധികാരി ദിനേഷ് ചന്ദ്ര, ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവരും ചടങ്ങിന് നേതൃത്വം നൽകി.
Content Highlights: Consecration of Ram Raksha Yantra held on Chaitra Navratri, Ceremony attended by President Droupadi Murmu and Mata Amritanandamayi, Installation of a 400-year-old Valmiki Ramayana manuscript, Recognition of 400 construction workers by the President