രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: പ്രതികൾക്കുവേണ്ടി ഹാജരായാൽ 5 ലക്ഷംരൂപ പിഴ ഈടാക്കുമെന്ന് ബാർ അസോസിയേഷൻ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഫണ്ട് ദുർവിനിയോഗക്കേസിൽ പ്രതികളായവർക്കുവേണ്ടി ഹാജാരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ തീരുമാനിച്ചു. പ്രതികൾക്കുവേണ്ടി കേസ് ഏറ്റെടുക്കുന്ന ഏതൊരു അംഗത്തിനും അഞ്ചുലക്ഷം രൂപ പിഴചുമത്തുമെന്ന് ബാർ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ആരോപണങ്ങളിൽ ബന്ധമുള്ള ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, ട്രസ്റ്റിയായിരുന്ന അനിൽ മിശ്ര, ഗോപാൽ റാവു എന്നിവർ മൂന്നുദിവസത്തിനുള്ളിൽ അയോധ്യവിട്ടുപോകണമെന്നും അല്ലാത്തപക്ഷം നഗരം ഉപരോധിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകി. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് കോടതിയെ സമീപിക്കാനും അഭിഭാഷകരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.
ശ്രീരാമജന്മഭൂമി ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായിരുന്ന ചമ്പത് റായ്, ട്രസ്റ്റിയായിരുന്ന അനിൽ മിശ്ര എന്നിവർ നേരത്തെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. രാമക്ഷേത്ര ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇതുവരെ എട്ട് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജിവെച്ചതിന് പിന്നാലെ ചമ്പത് റായിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എട്ടു പ്രതികളുടെ വീടുകളിൽ കഴിഞ്ഞദിവസം ഒരേസമയം ഉത്തർപ്രദേശ് പോലീസ് റെയ്ഡ് നടത്തിയിരുന്നു. രാമശങ്കർ യാദവ് അഥവാ ടിന്നു, അവിനാശ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ എന്നിവരുടെ വീടുകളിൽ പ്രാദേശിക മജിസ്ട്രേറ്റുമാരുടെ സാന്നിധ്യത്തിലായിരുന്നു തിരച്ചിൽ.
കുടുംബാംഗങ്ങളിൽനിന്നും അയൽവാസികളിൽനിന്നും വിവരങ്ങൾ തേടി. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും ശേഖരിച്ചു. തിങ്കളാഴ്ച ഇവരെ വീണ്ടും കോടതിയിൽ ഹാജരാക്കുമ്പോൾ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അപേക്ഷ നൽകുമെന്നാണ് സൂചന.
Content Highlights: Faizabad Bar Association bans members from representing accused in the Ram Mandir fund case., Penalty of 5 lakh rupees for lawyers representing the accused., Ultimatum issued to Champat Rai, Anil Mishra, and Gopal Rao to leave Ayodhya., Eight individuals arrested and currently in judicial custody., UP Police conducted simultaneous raids on the residences of all eight suspects.