മറാഠി സംസാരിച്ചില്ല, ഓട്ടോഡ്രൈവർക്ക് പൊതുനിരത്തിൽ ശിവസേനാംഗങ്ങളുടെ ക്രൂരമർദനം

പാല്‍ഘര്‍: മഹാരാഷ്ട്രയിലെ പാല്‍ഘർ ജില്ലയിൽ മറാഠി സംസാരിച്ചില്ലെന്ന ആരോപണത്തിൽ ഓട്ടോഡ്രൈവർക്ക് ക്രൂരമർദനം. ഇതരസംസ്ഥാനക്കാരനായ ഓട്ടോഡ്രൈവർക്കാണ് പൊതുനിരത്തിൽ മർദനമേറ്റത്. ഓട്ടോയിൽ കയറിയ ഭവേഷ് പഡോലിയ എന്ന യാത്രികനോട് താൻ മറാഠി സംസാരിക്കില്ലെന്നും ഹിന്ദിയോ ഭോജ്പുരിയോ സംസാരിക്കാമെന്നും ഇയാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെ യാത്രികൻ ചോദ്യം ചെയ്യുകയും ഇവർ തമ്മിലുള്ള തർക്കം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ശനിയാഴ്ച ഉച്ചയോടെ ഒരുകൂട്ടം ശിവസേന (UBT) അണികളും മഹാരാഷ്ട്ര നവനിർമാൺ സേന(MNS) സംഘവും ഓട്ടോഡ്രൈവറെ വിരാർ റെയിൽവേ സ്റ്റേഷനു സമീപം വളയുകയായിരുന്നു. വനിതാപ്രവർത്തകരടക്കം ഇയാളെ മർദിക്കുകയും മറാഠി ഭാഷയെയും സംസ്കാരത്തെയും അപമാനിച്ചതിന് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. മറാഠി ഭാഷയെ അപമാനിച്ചതിന് ശിവസേനയുടെ രീതിയിൽ പ്രതികരിച്ചതാണെന്നും ഇനിയും ഇത്തരത്തിൽ ആരെങ്കിലും ഭാഷയെയോ സംസ്കാരത്തെയോ അപമാനിച്ചാൽ തക്കതായ മറുപടി നൽകുമെന്നും ശിവസേനയുടെ വിരാർ സിറ്റി ചീഫ് ഉദയ് ജാദവ് പറഞ്ഞു.
സംഭവത്തെ സംബന്ധിച്ച് ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പരാതി ലഭിക്കാത്തതിനാൽ കൂടുതൽ നടപടിയെടുക്കാൻ സാധിക്കില്ലന്നുമാണ് പോലീസിന്റെ നിലപാട്.
ജൂലൈ ഒന്നിന് താനെയിൽ സമാനമായി ഒരു ഭക്ഷ്യവ്യാപാരിയെ മറാഠിയിൽ സംസാരിക്കാൻ തയ്യാറാകാത്തതിന് എംഎൻഎസ് പ്രവർത്തകർ തല്ലിയിരുന്നു. ഈ സംഭവവും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്ന് ഏഴ് പാർട്ടി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
Content Highlights: auto driver assaulted by shiv sena workers in palghar for anti marathi remark