അസമിലെ സൈനിക ക്യാമ്പിന് നേരെ ഗ്രനേഡ് ആക്രമണം; മൂന്ന് സൈനികര്‍ക്ക് പരിക്ക്

ദിസ്പുര്‍: അസമിലെ ടിന്‍സുകിയ ജില്ലയിലെ കക്കോപഥാറില്‍ പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി വ്യാഴാഴ്ച രാത്രി കനത്ത വെടിവെപ്പും ഗ്രനേഡ് സ്‌ഫോടനങ്ങളും. കക്കോപഥാര്‍ സൈനിക ക്യാമ്പിന് സമീപം ഒരു മണിക്കൂറോളം വെടിവെപ്പ് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ഇന്ത്യന്‍ ആര്‍മിയുടെ 19 ഗ്രനേഡിയേഴ്‌സ് യൂണിറ്റ് ക്യാമ്പ് ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സൈന്യവും പോലീസും പ്രദേശം വളഞ്ഞ് സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവരെ കണ്ടെത്താനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ട്രക്ക് പിന്നീട് അയല്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലെ തെംഗാപാനി മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, അപ്പര്‍ അസമില്‍ സമാനമായ ആക്രമണങ്ങള്‍ നടത്താറുള്ള ഉള്‍ഫ (സ്വതന്ത്ര) വിഭാഗമാണ് ഇതിന് പിന്നിലെന്നും സൂചനയുണ്ട്.
Content Highlights: Heavy gunfire and grenade explosions near Kakopathar military camp in Tinsukia, Assam