'ബിജെപി എന്തിനാണ് യുവാക്കളെ ഭയക്കുന്നത്'; അസമിലെ സിജെപി പ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

#ന്യൂസ് ഡെസ്ക്
ഗുവാഹത്തിയിൽ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു | PHOTO: PTI
ഗുവാഹത്തിയിൽ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു | PHOTO: PTI

ഗുവാഹത്തി: കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരുടെ അറസ്റ്റിൽ അസമിലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാ‍ർട്ടികൾ. സിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത നടപടി നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് കോൺഗ്രസ്, എ.ജെ.പി., റൈജോർ ദൾ, ആം ആദ്മി പാർട്ടി (എ.എ.പി.) എന്നീ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. കസ്റ്റഡിയിലുള്ള പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അസം സെക്രട്ടേറിയറ്റിന് സമീപം പ്രതിഷേധിക്കുന്നതിനിടെയാണ് സിജെപി കോ-കൺവീനർ അശുതോഷ് റാങ്ക ഉൾപ്പടെ നാൽപതിലധികം സിജെപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദിസ്പൂരിലെ അസം ജാതീയ പരിഷത്ത് (എ.ജെ.പി.) നേതാവ് കുംകി ചൗധരിയുടെ വസതിയിൽവെച്ച് ചേരാനിരുന്ന യോഗത്തിന് മുൻപായിരുന്നു അറസ്റ്റ്. 

അസമിലെ യുവാക്കളേയും ആക്ടിവിസ്റ്റുകളേയും തടങ്കലിലാക്കിയത് നിയമവിരുദ്ധമാണെന്ന് അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ബിജെപി എന്തിനാണ് യുവാക്കളെ ഭയക്കുന്നതെന്നും അവരുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, പോലീസ് യൂണിഫോം ധരിച്ചെത്തിയ തിരിച്ചറിയാത്ത വ്യക്തികൾ വാറന്റോ നോട്ടീസോ ഇല്ലാതെ അശുതോഷ് റാങ്കയെ കൊണ്ടുപോയെന്ന് കാണിച്ച് അസം കോൺഗ്രസ് ലീഗൽ സെൽ ജനറൽ സെക്രട്ടറി രീതിം സിങ് ദിസ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കസ്റ്റഡിയിലെടുത്തവരെ അസം പോലീസ് ബറ്റാലിയൻ കോംപ്ലക്സിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകരെയോ ബന്ധുക്കളെയോ കാണാൻ അനുവദിക്കുന്നില്ലെന്നും റൈജോർ ദൾ നേതാവ് ജ്ഞാനശ്രീ ബോറ ആരോപിച്ചു. സർക്കാരിനോടുള്ള വിയോജിപ്പ് ഒരു കുറ്റമല്ലെന്നും ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കുന്നത് എന്തിനാണെന്നും എ.ജെ.പി. അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയോട് ചോദിച്ചു. 

കാസിരംഗയിലെ ഭൂമി വിനിയോഗം, സർക്കാർ സർവീസിലെ അഴിമതി, വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ എന്നീ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉയർന്നതാണ് ഭരണകൂടത്തെ ചൊടിപ്പിച്ചതെന്ന് എ.എ.പി. നോർത്ത് ഈസ്റ്റ് ഇൻ-ചാർജ് രാജേഷ് ശർമ ആരോപിച്ചു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ബിജെപി തള്ളി. സർക്കാർ ഒരു ഭീഷണിക്ക് മുന്നിലും വഴങ്ങില്ലെന്ന് ലഖിംപൂർ ബിജെപി എം.എൽ.എ മനബ് ദേക്ക പ്രതികരിച്ചു.

Content Highlights: CJP co-convenor Ashutosh Bhangah and over 40 activists were taken into custody near the Assam Secretariat., Opposition parties including Congress, AJP, Raijor Dal, and AAP condemned the arrests as illegal and undemocratic., The ruling BJP rejected the opposition allegations, stating Assam will not bow to threats.