അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി, ദുരിതം ബാധിച്ചത് മൂന്ന് ലക്ഷത്തോളം പേരെ

#ന്യൂസ് ഡെസ്ക്
ഗുവാഹത്തിയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്ന അസം ഫയർ ആൻഡ് എമർജൻസി സർവീസസ് സംഘം | Photo: ANI Photo
ഗുവാഹത്തിയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്ന് ആളുകളെ രക്ഷപ്പെടുത്തുന്ന അസം ഫയർ ആൻഡ് എമർജൻസി സർവീസസ് സംഘം | Photo: ANI Photo

ഗുവഹാത്തി: അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി ഉയർന്നു. ശിവസാഗർ, ഗോലാഘട്ട് ജില്ലകളിൽ മൂന്നുപേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. ഇതോടെ ഈ വർഷത്തെ വെള്ളപ്പൊക്ക ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം 78 ആയതായി അസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എ.എസ്.ഡി.എം.എ.) അറിയിച്ചു.

ഏഴു ജില്ലകളിലായി മൂന്നു ലക്ഷത്തോളം ആളുകൾ പ്രളയക്കെടുതിയിൽ തുടരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. 21 റവന്യൂ സർക്കിളുകളിലെയും 551 ഗ്രാമങ്ങളിലെയും ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലാണ്. 21,523.08 ഹെക്ടറിലെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്.

ദുരിതാശ്വാസ ക്യാമ്പുകളിലായി 16,500-ലധികം ആളുകൾ കഴിയുന്നുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 30 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി 72,000-ത്തിലധികം ആളുകൾക്ക് സഹായം എത്തിക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ വിവിധ രക്ഷാപ്രവർത്തന ഏജൻസികൾക്കൊപ്പം മെഡിക്കൽ, വെറ്ററിനറി സംഘങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ട്.

പ്രളയത്തിൽ റോഡുകൾ, വീടുകൾ, സ്കൂളുകൾ, മറ്റ് പൊതുമുതൽ, നദികളിലെ തടയണകൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. 11,000-ലധികം മൃഗങ്ങൾ ഒഴുക്കിൽപെട്ടതായും 17,000 കന്നുകാലികളെ പ്രളയം ബാധിച്ചതായും എ.എസ്.ഡി.എം.എ. അറിയിച്ചു.