ഇതാ മാലാഖമാർ; ഭൂചലനത്തിൽ ഉലഞ്ഞ് ആശുപത്രികെട്ടിടം, കുഞ്ഞുങ്ങളെ സംരക്ഷിച്ച് നഴ്‌സുമാർ; കൈയടി

ആശുപത്രിയിലെ സിസിടിവി ദൃശ്യം | Screengrab Courtesy: x.com/jyotideepb
ആശുപത്രിയിലെ സിസിടിവി ദൃശ്യം | Screengrab Courtesy: x.com/jyotideepb

ഗുവാഹാട്ടി: ഭൂചലനത്തെത്തുടര്‍ന്ന് ആശുപത്രികെട്ടിടം ഉലയുന്നതിനിടെ ചികിത്സയിലുള്ള കുഞ്ഞുങ്ങളെ സംരക്ഷിച്ച് നഴ്‌സുമാര്‍. അസമില്‍ കഴിഞ്ഞദിവസമുണ്ടായ ഭൂചലനത്തിനിടെയാണ് ആശുപത്രിയിലെ എന്‍ഐസിയുവില്‍ ചികിത്സയിലുള്ള നവജാതശിശുക്കള്‍ക്ക് നഴ്‌സുമാര്‍ സംരക്ഷണമൊരുക്കിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. 

നാഗോണിലെ ആദിത്യ നഴ്‌സിങ് ഹോമിലെ എന്‍ഐസിയുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് നഴ്‌സുമാരാണ് ഭൂചലനത്തിനിടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി ഓടിയെത്തിയത്. ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ നഴ്‌സുമാര്‍ ഓടിയെത്തി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുകയായിരുന്നു. ഒരാള്‍ രണ്ടുകുഞ്ഞുങ്ങള്‍ക്കും രണ്ടാമത്തെ നഴ്‌സ് മറ്റൊരു കുഞ്ഞിനും സംരക്ഷണമൊരുക്കി. ഈ സമയമെല്ലാം ഭൂചലനത്തെത്തുടര്‍ന്ന് എന്‍ഐസിയുവിലെ ഉപകരണങ്ങളും വിവിധ സാമഗ്രികളും കുലുങ്ങുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നഴ്‌സുമാരുടെ പ്രവൃത്തിയ്ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. 

ഞായറാഴ്ച വൈകീട്ടാണ് അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതിനുപിന്നാലെ 3.1, 2.9 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുമുണ്ടായി. 

Content Highlights: Heroic nurses shield newborns in NICU during 5.8 magnitude earthquake in Assam