അസമിൽ കോൺഗ്രസിന് വൻതിരിച്ചടി; മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ പാർട്ടിവിട്ടു

ദിസ്പുർ: അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു. കഴിഞ്ഞ വർഷം ജൂണിൽ ഗൗരവ് ഗൊഗോയി ചുമതലയേൽക്കുന്നതുവരെ സംസ്ഥാന കോൺഗ്രസ് ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ബോറ. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തിന് രാജി സമർപ്പിച്ചതെന്ന് അറിയിച്ചു. അസമിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുതിർന്ന പാർട്ടി നേതാവിന്റെ രാജി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണി ചർച്ചകൾക്ക് കോൺഗ്രസ് അടുത്തിടെ ഭൂപൻ ബോറയെ ചുമതലപ്പെടുത്തിയിരുന്നു.
ആത്മാഭിമാനത്തിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ ഭൂപൻ ബോറ പാർട്ടിയുടെ പ്രവർത്തന രീതിയെക്കുറിച്ചുള്ള ആശങ്കകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഭൂപൻ ബോറ 2006 മുതൽ 2016 വരെ ബിഹ്പുരിയ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായിരുന്നു. 2021-ൽ സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയേറ്റതിന് ശേഷം അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായി. 1994 മുതൽ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്.
ഗൗരവ് ഗൊഗോയി നയിച്ച മജുലിയിലെ കോൺഗ്രസ് റാലിയുമായി ബന്ധപ്പെട്ടാണ് ഭൂപൻ ബോറയുടെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് സൂചന. രാഷ്ട്രീയം വിടില്ലെന്ന് പറഞ്ഞ ബോറ ഏത് പാർട്ടിയിൽ ചേരുമെന്ന വ്യക്തമാക്കിയിട്ടില്ല. സിപിഎം അടക്കമുള്ള പാർട്ടികൾ തന്നെ ബന്ധപ്പെട്ടതായി രാജിക്ക് പിന്നാലെ അദ്ദേഹം പറഞ്ഞു.
അതേസമയം ബോറയെ പാർട്ടിയിലെത്തിക്കാൻ ബിജെപി ശ്രമം ആരംഭിച്ചിണ്ട്. 'അസം കോൺഗ്രസ് പാർട്ടിയിലെ അവസാനത്തെ ഹിന്ദു നേതാവ്' എന്ന് വിശേഷിപ്പിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ കോൺഗ്രസ് അനുനയ നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.
Content Highlights: Assam Congress Shaken: Former State Chief Bhupen Bora Resigns Amidst Election Preparations