കോവിഡ് അതിജീവിച്ചയാളില്‍ ഏഷ്യയിലെ ആദ്യ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

ചെന്നൈ: കോവിഡ് അതിജീവിച്ചയാളില്‍ ഏഷ്യയിലെ ആദ്യ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെട്ട് ചെന്നൈ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍. 48 വയസ്സുളള ഗുരുഗ്രാം സ്വദേശിയായ ബിസിനസ്സുകാരന്റെ ശ്വാസകോശമാണ് മാറ്റിവെച്ചത്. മാറ്റിവെച്ച ശ്വാസകോശം പ്രവര്‍ത്തിച്ചുതുടങ്ങിയെന്നും ബിസിനസ്സുകാരന്റെ ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജൂണ്‍ എട്ടിനാണ് ഇയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഫൈബ്രോസസ് അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളെ ഗുതുരമായി ബാധിക്കുകയായിരുന്നുവെന്ന് എംജിഎം ഹെല്‍ത്ത് കെയറിലെ ഹാര്‍ട്ട് ആന്‍ജ് ലങ് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ഡയറക്ടറായ ഡോ.കെ.ആര്‍.ബാലകൃഷ്ണന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ജൂലായിലാണ് ഇദ്ദേഹത്തെ വെന്റിലേറ്റര്‍ സപ്പോര്‍ട്ടോടുകൂടി ചെന്നൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്നത്.
ഈ ശസ്ത്രക്രിയയ്ക്ക് വേണ്ടി മുഴുവന്‍ ടീമംഗങ്ങളും തങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയാണ് തയ്യാറെടുത്തതെന്ന് ഡോ.ബാലകൃഷ്ണന്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുമ്പുതന്നെ രോഗി കോവിഡില്‍ നിന്ന് രോഗമുക്തി നേടിയിരുന്നു.
'അദ്ദേഹത്തിന്റെ രണ്ടുശ്വാസകോശങ്ങളും ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇസിഎംഒ(Extracorporeal membrane oxygenation) പിന്തുണ ഞങ്ങള്‍ പിന്‍വലിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.' എംജിഎം ഹെല്‍ത്‌കെയര്‍ കോ.ഡയറക്ടര്‍ ഡോ.സുരേഷ് റാവു പറഞ്ഞു.
ചെന്നൈ ഗ്ലെനഗല്‍സ് ഗ്ലോബല്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ശ്വാസകോശമാണ് ബിസിനസ്സുകാരന് മാറ്റിവെച്ചത്. ദാതാവിന്റെ ഹൃദയവും ഇതേ ആശുപത്രിയിലെ മറ്റൊരു രോഗിക്ക് നല്‍കി.
വൈറസ് ബാധയെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഫൈബ്രോസസ് ഉണ്ടായവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ശ്വാസകോശ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഒരു പരിഹാരമാണെന്ന് എംജിഎം ഹെല്‍ത്ത്‌കെയറിലെ ക്ലിനിക്കല്‍ ഡയറക്ടറായ ഡോ.അപര്‍ ജിന്‍ഡാല്‍ പറഞ്ഞു.
സമീപ ആഴ്ചകളിലായി കോവിഡ് രോഗമുക്തി നേടിയവരില്‍ കടുത്ത ക്ഷീണം, ബ്രെയിന്‍ ഫോഗ് എന്നിവയ്ക്ക് പുറമേ ലങ് ഫൈബ്രോസസ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Content Highlights:Asia's first lung transplant surgery on Covid 19 Survivor
Content Highlights: