'മോദി ദൈവമല്ല, ദൈവം ഞങ്ങൾക്കൊപ്പം'; രാജിക്കുശേഷമുള്ള ആദ്യ സമ്മേളനത്തിൽ രൂക്ഷവിമർശനവുമായി കെജ്‌രിവാൾ

അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഡല്‍ഹി നിയമസഭയില്‍ | Photo: PTI
അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഡല്‍ഹി നിയമസഭയില്‍ | Photo: PTI

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം നടക്കുന്ന ആദ്യ നിയമസഭാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കെജ്‌രിവാള്‍. മോദി സര്‍വശക്തനായിരിക്കാം, എന്നാല്‍ ദൈവമല്ലെന്ന് കെജ്‌രിവാള്‍ തുറന്നടിച്ചു. അധികാരത്തിലുള്ള വ്യക്തി കസേരവിട്ടൊഴിയാന്‍ തയ്യാറല്ലെന്നും അതില്‍ കുടുങ്ങിയിരിക്കുകയാണെന്നും കെജ്‌രിവാള്‍ പരോക്ഷവിമര്‍ശനമുന്നയിച്ചു.

മുഖ്യമന്ത്രി സ്ഥാനംരാജിവെച്ച കെജ്‌രിവാളിന് സഭയില്‍ പുതിയ ഇരിപ്പിടം അനുവദിച്ചു. മുഖ്യമന്ത്രി അതിഷി ഇരിക്കുന്ന ഒന്നാം നമ്പര്‍ ഇരിപ്പിടത്തില്‍നിന്ന് ഏറെ മാറി 41-ാം നമ്പര്‍ ഇരിപ്പിടമാണ് കെജ്‌രിവാളിന് അനുവദിച്ചത്. 40-ാം നമ്പര്‍ സീറ്റിന് തൊട്ടടുത്ത് മനീഷ് സിസോദിയയാണ് ഉള്ളത്.

'ഞാനും മനീഷ് സിസോദിയയും ഇവിടെ നില്‍ക്കുന്നത് കാണുമ്പോള്‍ പ്രതിപക്ഷത്തിന് വിഷമമുണ്ടാവും. മോദി സര്‍വശക്തനാണെന്നും അദ്ദേഹത്തിന് ഒരുപാട് വിഭവമുണ്ടെന്നും ഞാന്‍ എപ്പോഴും പറയാറുണ്ട്. എന്നാല്‍, മോദി ദൈവമല്ല. ദൈവം ഞങ്ങള്‍ക്കൊപ്പമാണ്. ദൈവമോ മറ്റെന്തെങ്കിലുമൊരു ശക്തിയോ പ്രപഞ്ചത്തിലുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. അതാണ് ഞങ്ങളെ സഹായിച്ചത്. സുപ്രീംകോടതിക്ക് നന്ദി പറയുന്നു', കെജ്‌രിവാള്‍ പറഞ്ഞു.

'മൂന്നുനാല് ദിവസം മുമ്പ് ഞാനൊരു മുതിര്‍ന്ന ബി.ജെ.പി. നേതാവിനെ കണ്ടു. എന്നെ അറസ്റ്റുചെയ്യുന്നതിലൂടെ നീങ്ങള്‍ക്കെന്ത് ഗുണമാണ് കിട്ടിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഡല്‍ഹി സര്‍ക്കാരിനെയാകെ തകിടം മറിച്ചുവെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. ഡല്‍ഹിയിലെ ജനങ്ങളുടെ ജീവിതം നശിപ്പിട്ട് സന്തോഷിക്കാന്‍ കഴിയുന്ന ഏതുതരം പാര്‍ട്ടിയാണ് അതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു', കെജ്‌രിവാള്‍ പറഞ്ഞു.

'അധികാരത്തിലിരിക്കുന്ന വ്യക്തി കസേരവിട്ടൊഴിയാന്‍ തയ്യാറല്ല. അതില്‍ കുടുങ്ങിയിരിക്കുകയാണ്', പ്രധാനമന്ത്രിയെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിച്ചു.

'ജനങ്ങള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയാണ് തിരഞ്ഞെടുക്കുക, അത് തടസ്സപ്പെടുത്തുന്നവരെയല്ല. എന്നെ ആത്മാര്‍ഥയില്ലാത്തവനായി അവര്‍ക്ക് ചിത്രീകരിക്കേണ്ടിയിരുന്നു. ഞാന്‍ ചെയ്ത ജോലികള്‍ താളംതെറ്റിക്കേണ്ടിയിരുന്നു. വ്യാജ കേസ് നല്‍കി എന്നേയും മനീഷ് സിസോദിയയേയും സത്യേന്ദര്‍ ജയിനിനേയും സഞ്ജയ് സിങ്ങിനേയും ഉള്‍പ്പെടെ ജയിലിലിട്ടു. എന്നിട്ടും ഞങ്ങളുടെ പാര്‍ട്ടി കരുത്തോടെ നിന്നു. ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍, ജനങ്ങളില്‍നിന്ന് സത്യസന്ധതയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് നേടി ഞാന്‍ തിരിച്ച് മുഖ്യമന്ത്രിയായെത്തും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Narendra Modi is very powerful, but he is not God: Arvind Kejriwal