'ഞാൻ അഴിമതിക്കാരനല്ല, ഇത് അമിത് ഷായുടെയും മോദിയുടെയും ഗൂഢാലോചന'; പൊട്ടിക്കരഞ്ഞ് കെജ്രിവാൾ

#News Desk

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോടതി കേസിലെ വിധി പ്രസ്താവിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം വൈകാരികമായി പ്രതികരിച്ചത്.

''ഞാൻ അഴിമതിക്കാരനല്ല, അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും സത്യസന്ധരാണെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്'' എന്നാണ് ആംആദ്മി പാർട്ടി ദേശീയ കൺവീനർ കൂടിയായ കെജ്രിവാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. വികാരനിർഭരനായി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ കെജ്രിവാളിനെ ഒപ്പമുണ്ടായിരുന്ന മനീഷ് സിസോദിയയാണ് ചേർത്തുനിർത്തി ആശ്വസിപ്പിച്ചത്.

''ഇന്ന് ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടിരിക്കുന്നു. സത്യം ജയിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിരുന്നു. ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണവിശ്വാസമുണ്ട്. അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് ആംആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തി. പാർട്ടിയിലെ അഞ്ച് മുതിർന്ന നേതാക്കളെ ജയിലിലടച്ചു. മുഖ്യമന്ത്രിയെ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ജയിലിലാക്കി. കെജ്രിവാൾ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തിൽ സത്യസന്ധത മാത്രമേ പുലർത്തിയിട്ടുള്ളൂ. കെജ്രിവാളും സിസോദിയയും സത്യസന്ധരാണെന്ന് ഇന്ന് കോടതി പറഞ്ഞിരിക്കുന്നു'' അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Arvind Kejriwal acquitted in the Delhi liquor policy case., He became emotional and cried while addressing the media post-verdict., Asserted that he and Manish Sisodia are honest., Accused PM Modi and Amit Shah of a political conspiracy against the Aam Aadmi Party.