370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം; ജമ്മു-കശ്മീരിൽ കരിദിനാചരണവും ആഘോഷവും

ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികദിനമായ ബുധനാഴ്ച പ്രതിഷേധങ്ങളും ആഘോഷവും നിറഞ്ഞതായി. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ്, പി.ഡി.പി., കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ കരിദിനമാചരിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി.യും അനുകൂല സംഘടനകളും വിപുലമായ ആഘോഷങ്ങൾ നടത്തി.
ജമ്മു-കശ്മീരിലുടനീളം കടുത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് ആസ്ഥാനത്ത് മന്ത്രി സകീന ഇറ്റുവിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധമാർച്ച് നടന്നു. മാർച്ച് പോലീസ് തടഞ്ഞു. ഏഴുവർഷം പിന്നിട്ടിട്ടും ജനങ്ങളുടെ മുറിവുകൾ ഉണങ്ങിയിട്ടില്ലെന്ന് ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
ജമ്മു-കശ്മീരിന് സംസ്ഥാനപദവി തിരികെനൽകുമെന്ന കേന്ദ്രവാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.ഡി.പി. അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ മെഴുകുതിരി കൈയിലേന്തി പ്രതിഷേധമാർച്ചും ധർണയും നടത്തി. ഇതിനിടെ, പി.ഡി.പി. പ്രസിഡന്റ് മെഹബൂബ മുഫ്തി ദേശീയപതാക തലകീഴായി പ്രദർശിപ്പിച്ചുവെന്നത് വിവാദമായി.
ഇത് തള്ളി ജമ്മു-കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. സംഭവം കരുതിക്കൂട്ടി ചെയ്തതല്ല, മനഃപൂർവമല്ലാത്ത പിഴവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് ശ്രീനഗറിലെ പി.ഡി.പി. ആസ്ഥാനത്തുനടന്ന പ്രകടനത്തിനിടെയാണ് മെഹബൂബ ദേശീയപതാക തലകീഴായി പിടിച്ചത്.
ശ്രീനഗറിലെ ബി.ജെ.പി. ഓഫീസിൽ കേക്ക് മുറിച്ചും അനന്ത്നാഗിൽ ത്രിവർണപതാകറാലി നടത്തിയും ബി.ജെ.പി. പ്രവർത്തകർ ആഘോഷിച്ചു.
ജനജീവിതം മാറി – പ്രധാനമന്ത്രി
370-ാം വകുപ്പ് റദ്ദാക്കിയശേഷം ജമ്മു-കശ്മീരിലും ലഡാക്കിലും ജനജീവിതത്തിൽ വലിയ പരിവർത്തനമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ പറഞ്ഞു.
അടിസ്ഥാനസൗകര്യങ്ങൾ വർധിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, കായിക മേഖലകളിലും സംരംഭകത്വത്തിലും അവസരങ്ങൾ വർധിച്ചു. ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും വികസനത്തിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മോദി കൂട്ടിച്ചേർത്തു.
സംസ്ഥാനപദവി തിരികെ നൽകിയില്ല
2019 ഓഗസ്റ്റ് അഞ്ചിന് 370-ാം അനുച്ഛേദം റദ്ദാക്കിയതിനെത്തുടർന്ന് ജമ്മു-കശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളയുകയും ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.
സംസ്ഥാനപദവി തിരികെനൽകുമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുണ്ടായിട്ടും പൂർണ സംസ്ഥാന പദവി ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ജമ്മു-കശ്മീരിന് എത്രയും വേഗം സംസ്ഥാനപദവി തിരികെ നൽകണമെന്ന് 2023 ഡിസംബറിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിരുന്നു.
സംസ്ഥാനപദവി നൽകുമെന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും പൂർണ അവകാശങ്ങളും സംസ്ഥാനപദവിയും ഉടൻ തിരികെനൽകണമെന്നും ജമ്മു-കശ്മീർ മുഖ്യമന്ത്രിയും പ്രതിപക്ഷപാർട്ടികളും നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
Content Highlights: 7th anniversary of Article 370 abrogation marked by protests and celebrations. Opposition parties led by Omar Abdullah and Mehbooba Mufti held demonstrations. BJP celebrated the anniversary with rallies and cake-cutting events. Controversy arose over Mehbooba Mufti holding the national flag upside down. PM Modi highlighted improvements in infrastructure, education, and health since 2019. Full statehood for J&K remains a pending demand by the local government.