തൊണ്ടിമുതൽ കേസ്: ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ നീക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തള്ളി

ന്യൂഡൽഹി: തൊണ്ടിമുതൽ തിരിമറിക്കേസിൽ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ ചില പരാമർശങ്ങൾ നീക്കണമെന്ന മുൻ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യംതള്ളിയത്. തൊണ്ടിമുതൽ തിരിമറിക്കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ 15, 16, 17, 18, 19 എന്നീ ഖണ്ഡികകളിലെ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. ഈ പരാമർശങ്ങൾ തന്റെ അപ്പീലിനെ ബാധിക്കുമെന്നും, നിഷ്പക്ഷമായ വിചാരണ നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു സുപ്രീംകോടതിയിലെത്തിയത്.
എന്നാൽ ഹൈക്കോടതി വിധിയിലെ 27-ാം ഖണ്ഡികയിൽ ഈ പരാമർശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും, ആ പരാമർശങ്ങൾ അപ്പീൽ മെറിറ്റിൽ പരിഗണിക്കുമ്പോൾ ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ആന്റണി രാജുവിന്റെ ഹർജി സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസ്മാരായ ദിപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആന്റണി രാജുവിനുവേണ്ടി സീനിയർ അഭിഭാഷകൻ എൻ. ഹരിഹരൻ, അഭിഭാഷകൻ കെ. രാജീവ് എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ഹാജരായി.
Content Highlights: Supreme Court rejected Antony Raju's plea to remove specific remarks from the High Court verdict