’ആംആദ്മി പാർട്ടി ശരിയായ ദിശയിലല്ല പോകുന്നത്, ബുദ്ധിമുട്ടുകൾ ഉണ്ടായതുകൊണ്ടാവും അവർ പോയത്’; അണ്ണാഹസാരെ

ന്യൂഡൽഹി: ആംആദ്മി പാർട്ടിയിലെ പ്രമുഖ നേതാവായ രാഘവ് ഛദ്ദയും ആറ് എംപിമാരും പാർട്ടിവിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ എഎപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. ജനാധിപത്യത്തിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും നേതാക്കൾ പാർട്ടി വിടാൻ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് പാർട്ടി നേതൃത്വം ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയിരിക്കുകയാണ് എന്ന് ആരോപിച്ചായിരുന്നു ഛദ്ദയുടെ നാടകീയമായ കൂടുമാറ്റം. ഈ നീക്കം രാജ്യസഭയിൽ എഎപിയുടെ ശക്തി ക്ഷയിക്കാൻ കാരണമായിട്ടുണ്ട്. പാർട്ടി ശരിയായ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന് ആരോപിച്ച ഹസാരെ എഎപിയുടെ നിലവിലെ നേതൃത്വത്തിന്റെ പരാജയമാണ് ഇത്തരമൊരു പിളർപ്പിന് കാരണമായതെന്നും വിമർശിച്ചു.
'ജനാധിപത്യത്തിൽ അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശമുണ്ട്. അവർക്ക്, ഛദ്ദയ്ക്കും മറ്റുള്ളവർക്കും എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടാവണം, അതുകൊണ്ടാണ് അവർ പോയത്.' വെള്ളിയാഴ്ച മഹാരാഷ്ട്രയിലെ അഹല്യനഗർ ജില്ലയിൽ വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവേ ഹസാരെ പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇത് അവരുടെ (എഎപി നേതൃത്വത്തിന്റെ) തെറ്റാണ്. ആ പാർട്ടി ശരിയായ വഴി പിന്തുടർന്നിരുന്നെങ്കിൽ അവർ പാർട്ടി വിടുമായിരുന്നില്ല. പാർട്ടി ശരിയായ ദിശയിലാണ് പോയിരുന്നതെങ്കിൽ അവർ പാർട്ടിയെ ഉപേക്ഷിക്കില്ലായിരുന്നു.' ഹസാരെ കൂട്ടിച്ചേർത്തു.
ഒരു പാർട്ടി വിടാനുള്ള രാഷ്ട്രീയ തീരുമാനത്തിന് പിന്നിൽ എപ്പോഴും ചില കാരണങ്ങൾ ഉണ്ടാകുമെന്നും അവ വിശാലമായ ജനാധിപത്യ പശ്ചാത്തലത്തിൽ കാണണമെന്നും ഹസാരെ പറഞ്ഞു. 'അവർ എഎപി വിടുന്നതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണം ഉണ്ടാകും. ജനാധിപത്യത്തിൽ എവിടെ നിൽക്കണം, എപ്പോൾ വിടണം എന്നതിനെക്കുറിച്ച് ഓരോ വ്യക്തിക്കും സ്വന്തമായ കാഴ്ചപ്പാടുണ്ട്.' ഹസാരെ പറഞ്ഞു.
2011-ലെ അഴിമതി വിരുദ്ധ സമരങ്ങളുടെ കാലത്ത് ഹസാരെയും അരവിന്ദ് കെജ്‌രിവാളും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിലും ഉപവാസങ്ങളിലും കെജ്‌രിവാൾ ഹസാരെയ്‌ക്കൊപ്പം പ്രവർത്തിച്ചിരുന്നു. രാജ്യസഭയിൽ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിയുടെ ആകെ അംഗബലത്തിന്റെ മൂന്നിൽ രണ്ട് ഭാഗമാണ് ഛദ്ദയ്‌ക്കൊപ്പം പാർട്ടി വിട്ടത്.
തന്റെ രാജിക്ക് പിന്നിലെ പ്രധാന കാരണം എഎപിയിലെ അഴിമതിയാണെന്ന് ഛദ്ദ ആരോപിച്ചപ്പോൾ, ഈ നീക്കം പഞ്ചാബിലെ ജനങ്ങളെ വഞ്ചിക്കുന്നതാണ് എന്നാണ് പാർട്ടി വിശേഷിപ്പിച്ചത്. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് ഛദ്ദ. ഉന്നത നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും പാർട്ടി സംവിധാനത്തെയും എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Content Highlights: Anna Hazare attributes the mass exit of AAP MPs to failures in party leadership. Raghav Chadha and six other AAP MPs have formally moved to join the BJP. The resignations represent a significant loss of two-thirds of AAP's Rajya Sabha strength. Hazare emphasizes that political departures are often symptomatic of internal democratic issues. AAP labels the mass exit as a betrayal of the people of Punjab.