ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതി അൻമോൽ ബിഷ്ണോയിയെ യു.എസ്. നാടുകടത്തി

ന്യൂഡല്‍ഹി: ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയായ അൻമോൽ ബിഷ്ണോയിയെ യുഎസ് നാടുകടത്തി. ഇയാള്‍ ബുധനാഴ്ച ഇന്ത്യയില്‍ എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നയതന്ത്ര വിജയം കൂടിയാണ്. ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളിയും അധോലോക നേതാവുമായ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനാണ് അൻമോൽ ബിഷ്‌ണോയി.
എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബാബാ സിദ്ദിഖിയെ 2024 ഒക്ടോബറില്‍ കൊലപ്പെടുത്തിയ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ആളാണ് അന്‍മോല്‍. ബാബാ സിദ്ധിഖി വധത്തിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ നിരവധി അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍ നിന്നാണ് അന്‍മോലിന്റെ പങ്കുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ മറ്റുകേസുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. വ്യാജ മാര്‍ഗ്ഗങ്ങളിലൂടെ നേടിയ റഷ്യന്‍ പാസ്പോര്‍ട്ടുമായി കാനഡയില്‍വെച്ച് ഇയാള്‍ നേരത്തെ പിടിയിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് മുംബൈ പോലീസ് അന്‍മോലിന്റെ കൈമാറ്റത്തിനായുള്ള നടപടികള്‍ തുടങ്ങിയത്. അന്‍മോല്‍ ബിഷ്ണോയിയെ യുഎസില്‍ നിന്ന് നാടുകടത്തിയെന്ന വിവരം ബാബാ സിദ്ദിഖിയുടെ മകനും മുന്‍ എംഎല്‍എയുമായ സീഷാന്‍ സിദ്ദിഖി സ്ഥിരീകരിച്ചു. തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഇ-മെയില്‍ ലഭിച്ചിരുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Key accused in Baba Siddiqui murder case, Anmol Bishnoi, extradited to India from the US. A major diplomatic win for India. Bishnoi linked to Lawrence Bishnoi gang.