ദുരന്തം 4 മാസം മുൻപ് തുറന്ന സ്വകാര്യ ക്ഷേത്രത്തിൽ; തിരക്കിൽപ്പെട്ട് പിടഞ്ഞ് സ്ത്രീകൾ; അകത്തേക്കും പുറത്തേക്കും പോകാൻ ഒരേ കവാടം

Photo: x.com/DeccanChronicle
Photo: x.com/DeccanChronicle

ഹൈദരാബാദ്: ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വര ക്ഷേത്രത്തിലെ ആൾക്കൂട്ട ദുരന്തത്തിൽ മരണസംഖ്യ ഉയരുമെന്ന് ആശങ്ക. നിലവിൽ പത്ത് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പതിനഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ പലരുടേയും നില ഗുരുതരമെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു ദുരന്തം. ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തോടനബന്ധിച്ച് വൻതോതിൽ ഭക്തർ തടിച്ചു കൂടിയിരുന്നു. ക്ഷേത്രത്തിൽ താങ്ങാവുന്നതിലുമപ്പുറം ആളുകളെത്തിയതാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഇതൊരു സ്വകാര്യ ക്ഷേത്രമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ക്ഷേത്രത്തിൽ ഇത്രയും വലിയൊരു ഉത്സവം നടക്കുന്നത് പോലീസിനെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.

ആന്ധ്രാപ്രദേശ് സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 80 വയസുകാരനായ മുകുന്ദ പാണ്ഡെ എന്നയാൾ തന്റെ ഭൂമിയിൽ നിർമ്മിച്ച ക്ഷേത്രമാണ് ഇത്. നാല് മാസം മുമ്പാണ് ഭക്തർക്കായി ക്ഷേത്രം തുറന്നുകൊടുത്തത്. തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഇതിന്റെ നിർമ്മാണം. അതിനാൽ 'മിനി തിരുപ്പതി' എന്നായിരുന്നു ക്ഷേത്രം അറിയപ്പെട്ടിരുന്നത്.

ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരു പൊതുകവാടമായിരുന്നു ഉണ്ടായിരുന്നത്. ഇടുങ്ങിയ വഴിയിൽ കൈവരികളും സ്ഥാപിച്ചിരുന്നു. ഏകാദശി പൂജയ്ക്കായി നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിലേക്കെത്തിയിരുന്നു. നിയന്ത്രിക്കാനാവാത്ത വിധം ജനം എത്തിയതോടെ തിക്കും തിരക്കും ഉണ്ടാകുകയും ദുരന്തത്തിൽ കലാശിക്കുകയുമായിരുന്നു.

ആൾക്കൂട്ടം എത്തുന്ന വിവരം ക്ഷേത്ര മാനേജ്മെന്റ് പ്രാദേശിക ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. ഉത്സവത്തെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നെങ്കിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി പോലീസിനെ ഏർപ്പെടുത്തുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. ഉത്തരവാദികൾക്കെതിരേ കടുത്ത നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തം നടന്ന ക്ഷേത്രം സംസ്ഥാന സർക്കാർ കൈകാര്യംചെയ്യുന്ന ക്ഷേത്രങ്ങളിൽ പെട്ടതല്ലെന്ന് മന്ത്രി ആനം രാമനാരായണ റെഡ്ഡി പറഞ്ഞു. 2000 മുതൽ 3000 വരെ ആളുകൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനമുള്ളൂ. ഏകാദശി ആയതിനാൽ 25000 പേർവരെ ഒരേസമയം എത്തി. അതിനുള്ള ക്രമീകരണം നടത്തിയിരുന്നില്ല. സർക്കാരിനെ അറിയിച്ചില്ല. ഇതാണ് അപകടത്തിന് കാരണമെന്നും സർക്കാർവൃത്തങ്ങൾ അറിയിച്ചു.

ക്ഷേത്രത്തിനകത്തുനിന്നുള്ള ദുരന്ത സമയത്തെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇടുങ്ങിയ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന സ്ത്രീകൾ, ശ്വാസമെടുക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം. പലരും സഹായത്തിനായി കേഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചില വീഡിയോകളിൽ ബോധരഹിതരായിക്കിടക്കുന്നവർക്ക് സിപിആർ കൊടുക്കുന്നതും കൈ തിരുമ്മിക്കൊടുക്കുന്നതും കാണാം. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് എട്ട് സ്ത്രീകളും ഒരുകുട്ടിയും ഉൾപ്പെടെ പത്തുപേർ മരിച്ചതായാണ് വിവരം. 15 ഓളം പേർക്ക് പരിക്കേറ്റു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Content Highlights: stampede: Nine Dead in 'Mini Tirupati' Temple Tragedy; Officials Cite Lack of Notification