'ഹിമാലയന്‍ യതിയേപ്പോലെ പിടികിട്ടാപ്പുള്ളി';ആനന്ദ് സുബ്രഹ്മണ്യമാണ് യോഗിയെന്ന് കോടതി, ജാമ്യംനിഷേധിച്ചു

ന്യൂഡല്‍ഹി: നാഷണന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് മുന്‍ സിഇഒ ചിത്ര രാമകൃഷ്ണയുടെ തീരുമാനങ്ങളെ സ്വാധീനിച്ച ഹിമാലയന്‍ യോഗിയെന്ന് സംശയിക്കുന്ന മുന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഉദ്യോഗസ്ഥന്‍ ആനന്ദ് സുബ്രഹ്‌മണ്യന്റെ ജാമ്യാപേക്ഷ തള്ളി സിബിഐ കോടതി. ഈ ഹിമാലയന്‍ യോഗി 'ഹിമാലയന്‍ യതിയെപ്പോലെ തന്നെ പിടികിട്ടാപ്പുള്ളിയാണെന്നും' ഇയാള്‍ അന്വേഷണത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി അഭിപ്രായപ്പെട്ടു.
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം, 'ഹിമാലയന്‍ യോഗി' ആനന്ദ് സുബ്രഹ്‌മണ്യന്‍ ആണെന്നും എന്‍എസ്ഇയുടെ ഘടനയെയും പ്രവര്‍ത്തനത്തെയും കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചിത്ര രാമകൃഷ്ണ ഇയാളുമായി പങ്കുവെച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. 'rigyajursama@outlook.com' എന്ന മെയില്‍ ഐഡിയില്‍ അദ്ദേഹവുമായി കത്തിടപാടുകള്‍ നടത്തിയ ചിത്ര രാമകൃഷ്ണ 'കോ-ലൊക്കേഷന്‍ അഴിമതി' എന്ന ഈ വഞ്ചനാപരമായ ഗൂഢാലോചനയില്‍' ഒരുമിച്ച് പ്രവര്‍ത്തിച്ചതായി തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
'അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്, ഹിമാലയന്‍ യതിയെപ്പോലെ പിടികിട്ടാപ്പുള്ളിയായ ഈ ഹിമാലയന്‍ യോഗിയുടെ യഥാര്‍ത്ഥ മുഖം മറ നീക്കി പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സി,' കോടതി പറഞ്ഞു.
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എന്‍എസ്ഇ) ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ആനന്ദ് സുബ്രഹ്‌മണ്യനെ ഫെബ്രുവരി 25-നാണ് അറസ്റ്റ് ചെയ്തത്. 'കോ-ലൊക്കേഷന്‍ അഴിമതി' എന്നറിയപ്പെടുന്ന മാര്‍ക്കറ്റ് കൃത്രിമത്വത്തിന്റെ പേരില്‍ അദ്ദേഹവും ചിത്ര രാമകൃഷ്ണയും അന്വേഷണം നേരിടുകയാണ്.
എന്‍എസ്ഇയുടെ ഉന്നത മാനേജ്മെന്റ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ചില ഉന്നത സ്വാധിനമുള്ള ട്രേഡിംഗ് ബ്രോക്കര്‍മാരെ സഹായിച്ചുവെന്നും ആരോപിച്ച് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് സിബിഐയുടെ അന്വേഷണം ആരംഭിച്ചത്.
മുന്‍ എന്‍എസ്ഇ സിഇഒ ചിത്ര രാംകൃഷ്ണ 20 വര്‍ഷമായി താന്‍ ഒരു 'ഹിമാലയന്‍ യോഗി'യാണ് തനിക്ക് നിര്‍ദേശം നല്‍കിയിരുന്നതെന്ന് സമ്മതിച്ചിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു സ്റ്റോക്ക് ബ്രോക്കര്‍ക്കെതിരെ സിബിഐ നടത്തിയ നാല് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ചിത്ര രാംകൃഷ്ണ അറസ്റ്റിലായത്.
എന്താണ് എന്‍എസ്ഇ (NSE) കോ-ലൊക്കേഷന്‍ അഴിമതി?
2009 ഓഗസ്റ്റിലാണ് നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) കോ-ലൊക്കേഷന്‍ സേവനങ്ങള്‍ ആരംഭിക്കുന്നത്. ഒരു മൂന്നാം കക്ഷിക്ക് മറ്റ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍ക്കൊപ്പം ഒരു റാക്ക്/സെര്‍വര്‍ സ്പേസ് വാടകയ്ക്കെടുക്കാന്‍ കഴിയുന്ന സൗകര്യമാണ് കോ-ലൊക്കേഷന്‍ സേവനം. പവര്‍ സപ്ലൈ, ബാന്‍ഡ്വിഡ്ത്ത്, സെര്‍വറുകള്‍ സജ്ജീകരിക്കുന്നതിനും ഡാറ്റ സംഭരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ കോ-ലൊക്കേഷന്‍ സേവനം നല്‍കുന്നു. ഈ സേവനങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കായതിനാല്‍ അത്തരം ഒരു സ്ഥലം വാടകയ്ക്ക് എടുക്കാന്‍ വന്‍കിട ബ്രോക്കര്‍മാര്‍ക്ക് മാത്രമേ സാധിക്കൂ.
ഇതോടെ ഡാറ്റയിലേക്കുള്ള വേഗത്തിലുള്ള ആക്സസിനും മറ്റുള്ളവരേക്കാള്‍ നേരത്തെ സ്‌റ്റോക്കുകള്‍ സ്വീകരിക്കാനും വേഗത്തില്‍ വ്യാപാരം നടത്താനും ഇത് വ്യാപാരികളെ സഹായിച്ചു. മികച്ച ലാഭം നേടുന്നതിന് ചില ബ്രോക്കര്‍മാര്‍ എന്‍എസ്ഇ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തില്‍ ഡാറ്റ നല്‍കുന്ന രീതി മുതലെടുത്തതായാണ് ആക്ഷേപം.
എന്‍എസ്ഇയുടെ ഐടി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒപിജി സെക്യൂരിറ്റീസിന് ഏത് സെര്‍വറിലാണ് ഏറ്റവും കുറവ് ലോഡ് ഉള്ളതെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും ഇതോടെ എന്‍എസ്ഇ സെര്‍വറുമായി അവര്‍ക്ക് വേഗത്തില്‍ കണക്റ്റ് ചെയ്ത് ലാഭമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും കേസിലെ കക്ഷികളിലൊരാള്‍ ആരോപിച്ചു. നിമിഷത്തിന്‍റെ ഒരംശം നേരത്തെയുള്ള ലഭ്യത പോലും ഒരു വ്യാപാരിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 2012 മുതല്‍ 2014 വരെ ഇത്തരത്തില്‍ ആക്‌സസ് ലഭിച്ചിരുന്നതായാണ് സെബിയുടെ അന്വേഷണത്തില്‍ വ്യക്തമായത്.
Content Highlights: anand subramanyan denied bail on nse co location scam case