ഖലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ് കീഴടങ്ങി; അറസ്റ്റ് ഒരു മാസത്തെ തിരച്ചിലിനൊടുവിൽ

മോഗ (പഞ്ചാബ്): ഖലിസ്താന്‍വാദിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ് അറസ്റ്റിൽ. പഞ്ചാബിലെ മോഗയില്‍ വെച്ചാണ് അമൃത്പാല്‍ സിങ് കീഴടങ്ങിയത്. മാര്‍ച്ച് 18-ന് ഒളിവില്‍പോയ അമൃത്പാല്‍ സിങ്ങിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്. പഞ്ചാബ് പോലീസിനൊപ്പം അമൃത്പാല്‍ സിങ് നില്‍ക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
അമൃത്പാല്‍ സിങ്ങിന്‍റെ അറസ്റ്റ് പഞ്ചാബ് പോലീസ് സ്ഥിരീകരിച്ചു. സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. സുരക്ഷ മുൻനിർത്തി അസമിലെ ദിബ്രുഗഡിലേക്ക് അമൃത്പാലിനെ മാറ്റും.
പോലീസിന്റെ പിടിയിലായ അനുയായികളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ അമൃത്പാല്‍ സിങ്ങിനെതിരെ നിലവിലുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പുറമെ വധശ്രമം, പോലീസുകാരെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഇയാളുടെ ഭാര്യ കിരണ്‍ദീപ് കൗറിനെ ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍വെച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
Content Highlights: Amritpal Singh arrested from Punjab's Moga