'ഭിന്നിപ്പിക്കാൻ ശ്രമം, വിദേശത്ത് ഇന്ത്യാവിരുദ്ധപരാമർശം നടത്തുന്നു'; രാഹുലിന്റെ പ്രസംഗത്തിൽ അമിത് ഷാ

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് രാഹുലും കോൺഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിദേശത്തുപോയി ഇന്ത്യാവിരുദ്ധ പരാമർശം നടത്തുന്നു. രാജ്യത്ത് ഭിന്നതയുണ്ടാക്കാനാണ് ശ്രമമെന്നും അമിത് ഷാ ആരോപിച്ചു.
യു.എസ്. സന്ദർശനത്തിനിടെ രാഹുൽ ഉയർത്തിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രതികരണം. ജാതി സെൻസസ്, സംവരണം, സിഖ് വിഷയം അടക്കമുള്ളവയിൽ യു.എസ്. സന്ദർശനവേളയിൽ രാഹുൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എക്സ് പ്ലാറ്റ് ഫോമിൽ കൂടി ആഭ്യന്തരമന്ത്രി വിമർശനവുമായി രംഗത്തെത്തിയത്.
രാഹുൽ ഗാന്ധി രാജ്യവികാരത്തെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമർശങ്ങളാണ് നടത്തുന്നതെന്ന് അമിത് ഷാ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേർതിരിവുകളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഹുലിന്റെ വിഭജന ചിന്തയെയാണ് കാണിക്കുന്നതെന്നും അമിത് ഷാ കുറിച്ചു.
ഇന്ത്യ അടിസ്ഥാനപരമായി കൂട്ടിച്ചേർക്കലുകളും ഒന്നിപ്പിക്കലുമാണെന്നും എന്നാൽ, വ്യത്യസ്ത ധാരകളുടെ കൂട്ടായ്മയായി ഇന്ത്യയെ കാണുന്നതിനെ ആർ.എസ്.എസ്. തെറ്റിദ്ധരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ജോർജ്ടൗൺ സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കുവെ രാഹുൽ പറഞ്ഞത്. ‘ഭാഷകളും പാരമ്പര്യങ്ങളും ചരിത്രങ്ങളും മതങ്ങളുമെല്ലാം കൂടിച്ചേർന്നതാണ് ഇന്ത്യ. നിങ്ങളിവിടെ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ആദ്യ കോഴ്സ്, രണ്ടാം കോഴ്സ് (ഭക്ഷണം ഓരോന്നായി വിളമ്പുന്ന ക്രമം) എന്നിങ്ങനെ ലഭിക്കും. എന്നാൽ, ഞങ്ങൾക്ക് താലി (സദ്യ)യാണ് ലഭിക്കുക. അതിൽ എല്ലാം വെച്ചിരിക്കും. ഇതിലെ എല്ലാ ഭക്ഷണത്തിനും ഒരേ മൂല്യമാണ്. അതാണ് ഇന്ത്യയുടെ കൂട്ടിച്ചേർക്കലെന്ന ആശയം'- എന്നായിരുന്നു രാഹുൽ പറഞ്ഞത്.
ഇന്ത്യക്കാർ അവരുടെ ആരാധനാലയങ്ങളിൽ പോയി അവരുടെ ദൈവവുമായി ലയിക്കുന്നു. ഇതാണ് ഇന്ത്യയുടെ സ്വഭാവം. എന്നാലിക്കാര്യത്തിൽ ആർ.എസ്.എസിന് തെറ്റിദ്ധാരണയാണ്. മോദി എന്ന ആശയം -55 ഇഞ്ച് നെഞ്ച്, ദൈവവുമായി നേരിട്ടുള്ള ബന്ധം, അതെല്ലാം ചരിത്രമായി. പൊതുതിരഞ്ഞെടുപ്പു ഫലം മോദി എന്ന ആശയം തകർത്തുവെന്നും രാഹുൽ പറഞ്ഞിരുന്നു.
Content Highlights: Amit Shah Shreds Rahul Gandhi's US Speeches