മൂന്നാം മോദി സര്‍ക്കാര്‍ 100 ദിനത്തില്‍ ചെയ്തതെന്ത്..?; റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തിറക്കി അമിത് ഷാ

അമിത് ഷാ |ഫോട്ടോ:ANI
അമിത് ഷാ |ഫോട്ടോ:ANI

മുംബൈ: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തെ നേട്ടങ്ങളെക്കുറിച്ചുള്ള പ്രത്യേക ബുക്ക്‌ലെറ്റ്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ചേര്‍ന്ന് പുറത്തിറക്കി. 100 ദിവസത്തിനിടെ ലക്പതി ദീദി യോജനയില്‍ 11 ലക്ഷം പുതിയ സ്ത്രീകളെ ചേര്‍ത്തതായി അമിത് ഷാ പറഞ്ഞു. ഇതോടെ ഒരു കോടി സ്ത്രീകള്‍ ഇപ്പോള്‍ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ സമ്പാദിക്കുന്നു, അന്തസ്സോടെ ജീവിക്കാന്‍ ഇതിലൂടെ അവരെ പ്രാപ്തരാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

'പ്രധാനമന്ത്രി മോദിയുടെ ജന്മദിനം സേവ പഖ്‌വാഡയായി ആഘോഷിക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്കിടയില്‍ സേവനത്തിനിറങ്ങും. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയ ആളാണ് മോദി. 15 വ്യത്യസ്ത രാജ്യങ്ങള്‍ അദ്ദേഹത്തെ അവരുടെ ഏറ്റവും ഉന്നതമായ ബഹുമതി നല്‍കി അംഗീകരിച്ചു. 140 കോടി ജനങ്ങള്‍ അദ്ദേഹത്തിന്റെ ആയുര്‍ദൈര്‍ഘ്യത്തിനായി പ്രാര്‍ഥിക്കുകയാണ്' അമിത് ഷാ പറഞ്ഞു.

60 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് രാഷ്ട്രീയ സുസ്ഥിരതയുടെ അന്തരീക്ഷമുണ്ടാകുന്നത്. നയങ്ങള്‍ നടപ്പാക്കുന്നത് നമ്മള്‍ കണ്ടു. കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ ശക്തിപ്പെടുത്തിയെന്നും ഷാ പറഞ്ഞു.
 

Content Highlights: Amit Shah releases report card-achievements of first 100 days of the third modi government