102 ഡിഗ്രി പനി, രാഹുലിനെതിരെ അമിത് ഷായുടെ മറുപടി ആരോഗ്യനില വകവെയ്ക്കാതെ, പ്രശംസിച്ച് മോദി

ന്യൂഡൽഹി: ലോക്‌സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ട് മോഷണ ആരോപണങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കിയത് കടുത്ത പനി പോലും വകവെക്കാതെ. ലോക്‌സഭയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അമിത് ഷായ്ക്ക് 102 ഡിഗ്രിയോളമായിരുന്നു പനി. സെഷന് തൊട്ടുമുമ്പ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുകയും പനി കുറയാന്‍ മരുന്ന് നല്‍കുകയും ചെയ്തു. പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച ഷാ, ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ വോട്ട് മോഷണം, തീവ്ര വോട്ടര്‍ പട്ടിക പുനഃപരിശോധന (SIR), തിരഞ്ഞെടുപ്പ് കമ്മിഷനിലെ നിയമനങ്ങള്‍ തുടങ്ങി എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കി. ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
രാഹുല്‍ ഗാന്ധി നേരത്തെ പലതവണ വോട്ട് മോഷണം ആരോപിക്കുകയും ഹരിയാണയിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടിനെ ഹൈഡ്രജന്‍ ബോംബ് എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് വേളയിലാണ് രാഹുല്‍ ആരോപണം സജീവമാക്കിയത്. ശൈത്യകാല സമ്മേളനത്തില്‍ അദ്ദേഹം പാര്‍ലമെന്റില്‍ വീണ്ടും വിഷയം ഉന്നയിച്ചിരുന്നു. വോട്ടര്‍ പട്ടികകളിലെ ക്രമക്കേടുകളെക്കുറിച്ച് ചര്‍ച്ചയ്ക്ക് ധൈര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, താന്‍ കാര്യങ്ങള്‍ എങ്ങനെ പറയണമെന്ന് ആരും നിര്‍ദ്ദേശിക്കേണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി.
പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി സംസാരിച്ചതായും രാഹുലിന്റെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
ക്രമക്കേടുകള്‍ ആരോപിക്കുകയും എസ്‌ഐആറിനെ എതിര്‍ക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ അമിത് ഷാ കുറ്റപ്പെടുത്തി. 'നിങ്ങള്‍ ജയിക്കുമ്പോള്‍ വോട്ടര്‍ ലിസ്റ്റ് തികച്ചും ശരിയാണ്, പക്ഷെ ബിഹാറില്‍ സംഭവിച്ചതുപോലെ നിങ്ങള്‍ പരാജയപ്പെടുമ്പോള്‍, വോട്ടര്‍ ലിസ്റ്റില്‍ പ്രശ്‌നമുണ്ടെന്ന് പറയുന്നു... ഈ ഇരട്ടത്താപ്പ് വിലപ്പോകില്ല,' അദ്ദേഹം തിരിച്ചടിച്ചു.
Content Highlights: Union Home Minister Amit Shah powerfully rebutted Rahul Gandhi`s vote theft allegations in Lok Sabha, even while battling a high fever. Shah presented facts on electoral reforms and election commission appointments.