മൂന്ന് കൊല്ലത്തിനകം രാജ്യം നക്‌സല്‍വാദികളില്‍നിന്ന് മുക്തമാകും- അമിത് ഷാ

സശസ്ത്ര സീമ ബലിന്‍റെ 60-മത് സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നു | Photo : PTI
സശസ്ത്ര സീമ ബലിന്‍റെ 60-മത് സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുന്നു | Photo : PTI

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം മൂന്ന് കൊല്ലത്തിനുള്ളില്‍ നക്‌സല്‍വാദികളില്‍നിന്ന് പരിപൂര്‍ണമുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച അസമിലെ തേസ്പുരില്‍ നടന്ന സശസ്ത്ര സീമാ ബലിന്റെ (എസ്.എസ്.ബി.) അറുപതാമത് സ്ഥാപനദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നക്‌സല്‍ പ്രസ്ഥാനത്തിനെതിരേ എസ്.എസ്.ബി. നടത്തുന്ന പോരാട്ടത്തെ അമിത് ഷാ പ്രശംസിച്ചു. സി.ആര്‍.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സൈനികവിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം നക്‌സല്‍ പ്രസ്ഥാനത്തെ നാമാവശേഷമാകുന്ന നിലയിലെത്തിച്ചതായും അമിത് ഷാ പറഞ്ഞു.

നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി പങ്കിടുന്ന അതിര്‍ത്തിസംരക്ഷണം കൂടാതെ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നക്‌സലുകള്‍ക്കെതിരേയും എസ്.എസ്.ബി. പോരാടുന്നുണ്ട്. ഈ ഭാഗങ്ങളിലെ നക്സല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളില്‍ നിങ്ങളുടെ ധീരതയെക്കുറിച്ച് കേള്‍ക്കാറുണ്ട്, ഷാ പറഞ്ഞു. കശ്മീരിലുള്‍പ്പെടെ ഭീകരവാദത്തിനെതിരെ എസ്.എസ്.ബി. നടത്തുന്ന സൈനികപ്രവര്‍ത്തനങ്ങളേയും അമിത് ഷാ അഭിനന്ദിച്ചു.

എസ്.എസ്.ബിയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സ്റ്റാമ്പ് പുറത്തിറക്കിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു. കഴിഞ്ഞ ഒമ്പത് കൊല്ലത്തിനിടെ ഇന്ത്യയിലെ അതിര്‍ത്തിസേനകള്‍ക്കായി പ്രധാനമന്ത്രി നിരവധി ക്ഷേമനടപടികള്‍ സ്വീകരിച്ചതായും അമിത് ഷാ പറഞ്ഞു. രാജ്യസുരക്ഷക്കായി എസ്.എസ്.ബി. നല്‍കിയ സേവനങ്ങള്‍ സേനയ്ക്ക് നല്‍കിയത് ശ്രേഷ്ഠമായ ചരിത്രമാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

Content Highlights: amit shah, naxalism, maoism, ssb, narendra modi