'കോൺഗ്രസിന് 30 വർഷത്തേക്ക് അധികാരത്തിലെത്താൻ കഴിയില്ല'; രാഹുലിനെതിരേ ആഞ്ഞടിച്ച് മോദിയും അമിത് ഷായും

ന്യൂഡൽഹി: രാഹുൽഗാന്ധിക്കോ കോൺഗ്രസിനോ വരുന്ന 30 വർഷത്തേക്ക് അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കോടിക്കണക്കിന് ബി.ജെ.പി. പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങൾക്കിടയിലാണുള്ളത്. ആവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അതു പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസിനും രാഹുൽഗാന്ധിക്കും തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ അവർ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. കോൺഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളിൽ ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കണം. അല്ലെങ്കിൽ കോൺഗ്രസ് രാഷ്ടീയ മണ്ഡലത്തിൽനിന്ന് അപ്രത്യക്ഷമാകും -അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ 8, 941 കോടിയുടെ യമുന പുനരുജ്ജീവന പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അമിത് ഷാ.
മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിപക്ഷപ്രക്ഷോഭത്തെ പരിഹസിച്ചും കോൺഗ്രസിനെയും രാഹുൽഗാന്ധിയെയും രൂക്ഷമായി വിമർശിച്ചുമായിരുന്നു അമിത് ഷായുടെ വാക്കുകൾ. പ്രക്ഷോഭംകൊണ്ട് ഒരു നേട്ടവും കിട്ടാൻ പോകുന്നില്ല. വരുന്ന 30 വർഷവും ബി.ജെ.പി. അധികാരത്തിൽ തുടരും.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പ്രവർത്തകരെ സംഘടിപ്പിച്ചാണ് കോൺഗ്രസ് ഡൽഹിയിൽ സമരം നടത്തുന്നത്. ഇതുകൊണ്ടൊന്നും ബി.ജെ.പി.ക്ക് ലഭിച്ച ജനവിധി ഇല്ലാതാക്കാൻ കഴിയില്ല -അമിത് ഷാ പറഞ്ഞു.
'പരാജയപ്പെട്ട ഉത്പന്ന'ത്തിനായികോൺഗ്രസ് എത്രകാലം പണയപ്പെടുത്തുമെന്നറിയില്ല -മോദി
ന്യൂഡൽഹി: കോൺഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരേ കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് തങ്ങളുടെ 'പരാജയപ്പെട്ട ഉത്പന്ന'ത്തെ ഉയർത്തിക്കൊണ്ടുവരാൻ എത്രകാലം പണയപ്പെടുത്തുമെന്നറിയില്ലെന്ന് രാഹുലിന്റെ പേരുപറയാതെ മോദി വിമർശനമുന്നയിച്ചു. ലോകം ഒരു പുതിയ ക്രമം തേടുമ്പോൾ ഇവിടെ ചിലർ രാജ്യത്ത് ക്രമരാഹിത്യം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി നടക്കുന്ന പ്രക്ഷോഭത്തെ പരോക്ഷമായി പരാമർശിച്ചാണ് പ്രധാനമന്ത്രിയുടെ വിമർശനം. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിലെ പ്രസംഗത്തിലാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരേ ആഞ്ഞടിച്ചത്.
ശ്രീഹരിക്കോട്ടയിൽനിന്നുള്ള റോക്കറ്റ് വിക്ഷേപണങ്ങളുമായി താരതമ്യപ്പെടുത്തിയാണ് കോൺഗ്രസിനെ പ്രധാനമന്ത്രി പരിഹസിച്ചത്. ''തങ്ങളുടെ നേതാവിനെ ഉയരങ്ങളിലേക്ക് വിക്ഷേപിക്കാൻ (ലോഞ്ച്) കോൺഗ്രസ് നടത്തുന്ന പരാജയപ്പെട്ട ശ്രമങ്ങളുടെ അത്രയും വിക്ഷേപണങ്ങൾ രാജ്യം ഒരു വർഷം ശ്രീഹരിക്കോട്ടയിൽനിന്ന് നടത്തുന്നില്ല'' എന്നായിരുന്നു മോദിയുടെ വാക്കുകൾ.
നിരന്തരപരാജയങ്ങളിൽനിന്ന് ഒരു കുടുംബത്തെ സംരക്ഷിക്കാൻ രാജ്യത്തിന്റെ യശസ്സിനെത്തന്നെ അപകടത്തിലാക്കുകയാണ് കോൺഗ്രസ്. മുന്തിരി വളരെ പുളിച്ചതാണ്. അതിനാൽ ആ മുന്തിരിവള്ളിയെ തന്നെ വെട്ടിമാറ്റാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മറ്റൊരാളെയും മുന്നോട്ടുവരാൻ അനുവദിക്കാത്ത ഒരു ഇത്തിക്കണ്ണി (പാരസൈറ്റ്) ആയി കോൺഗ്രസ് മാറിയിരിക്കുന്നു. ഒരു വ്യക്തിക്കുമാത്രം പ്രാധാന്യം നൽകി യുവാക്കളായ മറ്റ് പ്രതിപക്ഷ നേതാക്കളുടെ ശബ്ദത്തെ അവഗണിക്കുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കുടുംബം ആ പാർട്ടിക്ക് തന്നെ ഭാരമായി മാറിയിരിക്കുന്നു -മോദി ആരോപിച്ചു.
Content Highlights: Amit Shah claims Congress and Rahul Gandhi will not come to power for the next 30 years., PM Modi criticizes Congress for repeatedly trying to launch a 'failed product'., Both leaders mock the opposition's protest demanding Chief Election Commissioner Gyanesh Kumar's resignation., Shah inaugurated Rs 8,941 crore Yamuna rejuvenation projects in Delhi.