കണ്ണിറുക്കി കളിയാക്കും, സംസാരിക്കേണ്ട സമയത്ത് വിദേശത്തും, ഹാജരുമില്ല- രാഹുലിനെ വിമർശിച്ച് അമിത് ഷാ

#ന്യൂസ് ഡെസ്ക്
അമിത് ഷാ, രാഹുല്‍ ഗാന്ധി | Photo: PTI, ANI
അമിത് ഷാ, രാഹുല്‍ ഗാന്ധി | Photo: PTI, ANI

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ സ്പീക്കർ ഓം ബിർള പക്ഷപാതപരമായി പെരുമാറുന്നുവെന്നാരോപിച്ച് പ്രതിപക്ഷപാർട്ടികൾ സ്പീക്കർക്കെതിരെ നടത്തിയ ഇംപീച്ച്‌മെന്റ് നീക്കത്തെച്ചൊല്ലി ബുധനാഴ്ച നടന്ന ചർച്ചയിലാണ് അമിത് ഷാ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചത്. പാർലമെന്റിൽ എക്കാലത്തേയും താഴ്ന്ന ഹാജർ നിലയുള്ളത് രാഹുലിനാണെന്നും സ്പീക്കർ രാഹുലിന് വിഷയങ്ങൾ ഉന്നയിക്കാൻ സമയം അനുവദിക്കുമ്പോൾ സഭയിൽ നിന്ന് ഓടിപ്പോകുന്നതാണ് പതിവെന്നും അമിത് ഷാ പരിഹസിച്ചു.

"പ്രതിപക്ഷ നേതാവിന് പരാതികളുണ്ട്... തനിക്ക് സംസാരിക്കാൻ അനുവാദമില്ലെന്നും തൻ്റെ ശബ്ദം അടിച്ചമർത്തപ്പെടുന്നു എന്നും. എന്നാൽ നിങ്ങൾക്ക് അവസരം ലഭിക്കുമ്പോൾ നിങ്ങൾ ജർമ്മനിയിലാണ്... ഇംഗ്ലണ്ടിലാണ്. എന്നിട്ട് അദ്ദേഹം പരാതിപ്പെടുന്നു...16-ാമത്തെ ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ ഹാജർ 52 ശതമാനമായിരുന്നു... ശരാശരി 80 ശതമാനമായിരുന്നു. 17-ാമത്തെ ലോക്‌സഭയിൽ അദ്ദേഹത്തിൻ്റെ ഹാജർ 51 ശതമാനമായിരുന്നു... 18-ാമത്തെ ലോക്‌സഭയിൽ കോൺഗ്രസ് എംപിമാർ 157 മണിക്കൂറും 55 മിനിറ്റും സംസാരിച്ചു. അദ്ദേഹം എത്ര സംസാരിച്ചു? എന്തുകൊണ്ട് സംസാരിച്ചില്ല? ഏത് സ്പീക്കറാണ് നിങ്ങളെ തടഞ്ഞത്? ആരും തടയില്ല," അമിത് ഷാ പറ‍ഞ്ഞു.

സ്പീക്കർക്കെതിരായ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയത്തെയും ഷാ വിമർശിച്ചു. അത്തരമൊരു നീക്കം പാർലമെൻ്റിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നുവെന്നും പ്രതിപക്ഷത്തായിരുന്നപ്പോൾ തങ്ങൾ സ്പീക്കർക്കെതിരെ അവിശ്വാസ വോട്ടെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ആലിംഗനം ചെയ്തതും പാർലമെൻ്റിനുള്ളിൽ വെച്ച് എംപിമാരെ കണ്ണിറുക്കിയതും, ഓം ബിർളയെ 'യാർ' എന്ന് വിളിച്ചതുമായ മുൻകാല സംഭവങ്ങളെ പരാമർശിച്ചും അമിത് ഷാ രാഹുലിനെ പരിഹസിച്ചു. "ഇത് ഒരിക്കലും അനുവദിക്കാനാവില്ല," അദ്ദേഹം പറഞ്ഞു, "പാർട്ടിയിൽ അദ്ദേഹത്തെ നയിക്കാൻ കഴിയുന്ന നിരവധി മുതിർന്ന നേതാക്കളുണ്ട്... എന്നാൽ അവർ രാഹുലിനെ നിശ്ശബ്ദനാക്കാൻ മൈക്ക് ഓഫ് ചെയ്തു എന്ന് നിരന്തരം പരാതിപ്പെടുന്നു." അമിത് ഷാ പറഞ്ഞു.

Content Highlights: Amit Shah criticizes Rahul Gandhi's low attendance record in Parliament., Controversy over opposition's move against Lok Sabha Speaker Om Birla., Shah dismisses claims of opposition being silenced in the House., Historical references to Rahul Gandhi's past parliamentary conduct.