AI സമ്മിറ്റ് പ്രതിഷേധം; കോൺഗ്രസ് ഇന്ത്യയെ അപമാനിച്ചു; നെഹ്‌റുവിന്റെ നിലപാട് ഓർമ്മിപ്പിച്ച് ബിജെപി

#ന്യൂസ് ഡെസ്ക്
അമിത് മാളവ്യ | Photo : PTI, രാഹുല്‍ ഗാന്ധി : Photo : ANI
അമിത് മാളവ്യ | Photo : PTI, രാഹുല്‍ ഗാന്ധി : Photo : ANI

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു. ആഗോള വേദിയിൽ ഇന്ത്യയെ അപമാനിക്കുന്ന പ്രവൃത്തികളാണ് കോൺഗ്രസ് ആഘോഷിക്കുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അന്തസ്സിനായി നിലകൊള്ളുന്നതിന് പകരം ഇന്ത്യയെ നാണം കെടുത്തുന്ന പ്രതിഷേധങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ചോദിച്ചു.

അന്താരാഷ്ട്ര വിദഗ്ധർ നിർമ്മിത ബുദ്ധിയുടെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അശ്ലീലവും ചർച്ച തടസ്സപ്പെടുത്തുന്നതുമായിരുന്നുവെന്ന് മാളവ്യ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ അറിവോടെയാണ് ഈ പ്രവൃത്തി നടന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പ്രമുഖ സാങ്കേതിക വിദഗ്ധർക്കും നയരൂപീകരണ വിദഗ്ധർക്കും മുന്നിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കോൺഗ്രസ് തിരഞ്ഞെടുത്ത മാർഗം അപമാനകരമാണെന്നും മാളവ്യ വിമർശിച്ചു.

കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര ഉറവിടമായി കരുതപ്പെടുന്ന ജവഹർലാൽ നെഹ്‌റുവിന്റെ പഴയ നിലപാടുകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് മാളവ്യ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. 1950-കളിൽ ഇൻഡോർ സിംഹാസനത്തിന്റെ അവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിൽ, വിദേശിയിൽ ജനിച്ച മകനേക്കാൾ ഇന്ത്യക്കാരിയായ അമ്മയിൽ ജനിച്ച മകൾക്കാണ് അവകാശമെന്ന നെഹ്‌റുവിന്റെ നിലപാട് അദ്ദേഹം ഉദ്ധരിച്ചു. ദേശീയ സ്വത്വവും വിശ്വസ്തതയും ജന്മനാടുമായി ബന്ധപ്പെട്ടതാണെന്ന് നെഹ്‌റു വിശ്വസിച്ചിരുന്നെങ്കിൽ, എന്തുകൊണ്ടാണ് കോൺഗ്രസിന് ഇന്ന് അത് മനസ്സിലാകാത്തതെന്ന് മാളവ്യ ചോദിച്ചു.

എന്നാൽ തന്റെ പ്രവർത്തകരുടെ നടപടിയെ പൂർണ്ണമായും പിന്തുണച്ചുകൊണ്ടാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. സമാധാനപരമായ പ്രതിഷേധം ഇന്ത്യയുടെ ചരിത്രപരമായ പാരമ്പര്യമാണെന്നും അത് ഓരോ ഇന്ത്യക്കാരന്റെയും ജനാധിപത്യപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തന്റെ 'ബബ്ബർ ഷേർ' സഖാക്കൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സത്യത്തിന് നേരെ കണ്ണാടി പിടിക്കുന്നത് കുറ്റമല്ലെന്നും അത് ദേശസ്‌നേഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയുമായുള്ള ഇന്ത്യയുടെ ഇടക്കാല വ്യാപാര കരാറിലെ അതൃപ്തിയാണ് പ്രതിഷേധത്തിന് കാരണമായി രാഹുൽ ചൂണ്ടിക്കാട്ടിയത്. ഈ കരാർ ഇന്ത്യൻ കർഷകരെയും ടെക്സ്റ്റൈൽ വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്നും രാജ്യത്തിന്റെ ഡാറ്റാ സുരക്ഷ അമേരിക്കയ്ക്ക് അടിയറവ് വെക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. 'കോംപ്രമൈസ്ഡ്' ആയ പ്രധാനമന്ത്രിക്കെതിരെ രാജ്യതാൽപ്പര്യത്തിന് വേണ്ടിയാണ് യൂത്ത് കോൺഗ്രസ് ശബ്ദമുയർത്തിയതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

Content Highlights: BJP's Amit Malviya criticizes Rahul Gandhi for supporting Youth Congress protests at the India AI Summit.