അമര്‍നാഥ് തീര്‍ത്ഥയാത്ര: സുരക്ഷ ശക്തിപ്പെടുത്തി പോലീസ്; പഹൽഗാം ആക്രമണത്തിന് ശേഷമുള്ള ആദ്യയാത്ര

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന അമര്‍നാഥ് തീർഥയാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി കാശ്മീര്‍ പോലീസ്. തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പുവരുത്താന്‍ പല തലങ്ങളിലായി ക്രമപ്പെടുത്തിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പോലീസ് മേധാവി വി.കെ ബിര്‍ദി ബുധനാഴ്ച്ച അറിയിച്ചു.
'അടുത്ത ആഴ്ച്ച തുടങ്ങുന്ന അമര്‍നാഥ് യാത്രക്കുവേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ജമ്മു-കശ്മീര്‍ പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ മികച്ചരീതിയില്‍ പലതലത്തിലായി ആഴത്തിലുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഈ വര്‍ഷം ഒരുക്കിയത്. ഇത് തീര്‍ത്ഥാടനം സുഗമവും സുരക്ഷിതവുമാക്കും' ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു.
പഹല്‍ഗാം കേന്ദ്രമായി ആരംഭിക്കുന്ന യാത്രയുടെ നൂന്‍വാന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയതായി ബിര്‍ദി കൂട്ടിച്ചേര്‍ത്തു. 38 ദിവസത്തെ തീര്‍ത്ഥാടനം നിലവില്‍ പല മേഖലകളായി തിരിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം കഴിഞ്ഞ ദിവസം സുരക്ഷാ പരിശോധനകളും മോക് ഡ്രില്ലും നടത്തിയിരുന്നു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രത വര്‍ധിപ്പിക്കുകയും കൃത്യമായ രീതിയില്‍ പ്രശ്നങ്ങൾ കൈകാര്യംചെയ്യാന്‍ അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം, അനന്ത്നാഗ്, ഖാസിഗുണ്ട്, പന്ത ചൗക്, സുംബാല്‍ എന്നീ സ്ഥലങ്ങളിലാണ് മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യത്തെ അമര്‍നാഥ് തീര്‍ത്ഥാടന യാത്രയാണ് നടക്കാന്‍ പോകുന്നത്. ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ഭീതി നിലനില്ക്കുന്നതും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ കാരണമായിട്ടുണ്ട്.
Content Highlights: Kashmir Police strengthens security for the upcoming Amarnath Yatra