ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ പാകിസ്താനിലേക്ക് കടന്നു, കാമുകി തള്ളി,യുവാവ് ജയിലിലായി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക എഐ ചിത്രം |gemini
പ്രതീകാത്മക എഐ ചിത്രം |gemini

അലിഗഢ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനായി വിസയില്ലാതെ പാകിസ്താനിലേക്ക് കടന്ന യുവാവ് അറസ്റ്റിലായി. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു എന്ന യുവാവാണ് പാകിസ്താനിൽ പിടിയിലായത്. നിലവിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ കഴിയുന്ന ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

ഡൽഹിയിൽ തയ്യൽക്കാരനായി ജോലി ചെയ്തിരുന്ന ബാദൽ ബാബു, ഫേസ്ബുക്കിലൂടെയാണ് പാകിസ്താൻ സ്വദേശിയായ സനയെ പരിചയപ്പെട്ടത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2024 ഓഗസ്റ്റിൽ പാകിസ്താനിലേക്ക് കടക്കാൻ ബാദൽ ആദ്യം ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. പിന്നീട് 2024 ഒക്ടോബർ 15-ന് വിസയില്ലാതെ അതിർത്തി കടന്ന് അദ്ദേഹം പാകിസ്താനിലെത്തി. വീട്ടിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖകളെല്ലാം ഉപേക്ഷിച്ചാണ് ബാദൽ പോയതെന്ന് കുടുംബം പറയുന്നു.

എന്നാൽ സന ബാദലിനെ വിവാഹം കഴിയാൻ തയ്യാറായില്ലെന്നും കുടുംബം വ്യക്തമാക്കി. തുടർന്ന് ബാദൽ പാകിസ്താനിൽതന്നെ ജോലി ചെയ്ത് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കളുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നു.

ആടുമേയ്ക്കുന്ന ജോലിയിലാണ് ഇയാൾ ഏർപ്പെട്ടിരുന്നത്. 2024 ഡിസംബർ 27-ന് ആടുകളെ മേയിക്കുന്നതിനിടെ ബാദലിന്റെ സംസാര ശൈലിയിൽ സംശയം തോന്നിയ നാട്ടുകാർ പാക് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നിയമവിരുദ്ധമായി അതിർത്തി കടന്നതിന് അദ്ദേഹം അറസ്റ്റിലായി.

ഇതിനിടെ ബാദലിന്റെ കോടതി പരിസരത്ത് നിന്നുള്ള ഒരു വീഡിയോ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. ആ വീഡിയോയിൽ, താൻ ഇപ്പോൾ മടങ്ങിവരില്ലെന്നും വിഷമിക്കേണ്ടെന്നും കുടുംബത്തോട് പറയുന്നതും, ഒപ്പം 'ഞാൻ മതം മാറി' എന്ന് വ്യക്തമാക്കുന്നതും കേൾക്കാം. അഭിഭാഷകർ മുഖേനെ വീഡിയോ കോളിലാണ് ഇയാൾ സംസാരിച്ചിരുന്നത്.

ബാദൽ ബാബു തന്റെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയെന്നും, എന്നാൽ അദ്ദേഹത്തെ തിരികെ എത്തിക്കാനുള്ള നടപടികൾ വൈകുകയാണെന്നുമാണ് കുടുംബത്തിന്റെ പരാതി. ബാദലിനെ മോചിപ്പിക്കാൻ അലിഗഢ് എംപി സതീഷ് ഗൗതം വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

Content Highlights: Aligarh resident Badal Babu arrested for illegal border crossing in October 2024., The individual entered Pakistan without a visa to meet a contact from Facebook., Currently detained in Kot Lakhpat Jail, Lahore., Family seeking government intervention for his repatriation., MP Satish Gautam has written to the Ministry of External Affairs regarding the case.