രാഷ്ട്രപതിക്കൊപ്പം ദേശീയ പതാക ഉയർത്തി ഫ്ലൈറ്റ് ലഫ്. അക്ഷിത ധൻകർ; കർത്തവ്യപഥിലെ അഭിമാനം

ന്യൂഡൽഹി: ഭാരതത്തിന്റെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ ചരിത്രപ്രധാനമായ ഒരു നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പം ദേശീയ പതാക ഉയർത്താൻ നിയോഗിക്കപ്പെട്ട ഫ്ലൈറ്റ് ലഫ്റ്റനന്റ് അക്ഷിത ധൻകർ എന്ന യുവതിയുടെ നേട്ടം ഇന്ത്യൻ സായുധ സേനയിലെ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്കിന്റെയും അർപ്പണബോധത്തിന്റെയും പ്രതീകമായി മാറി. ഹരിയാണയിലെ ഒരു ചെറിയ ഗ്രാമത്തിൽനിന്ന് കർത്തവ്യപഥിലെ ഈ ഉന്നത പദവിയിലേക്കുള്ള അക്ഷിതയുടെ യാത്ര കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്.
ഈ ചരിത്രനിമിഷത്തിനായി കഴിഞ്ഞ രണ്ട് മാസത്തിലധികം അതിരാവിലെ മുതൽ രാത്രി വൈകുവോളം നീണ്ട കഠിനമായ പരിശീലനമാണ് അക്ഷിത നടത്തിയത്. രാഷ്ട്രപതിക്കൊപ്പം പതാക ഉയർത്താൻ അവസരം ലഭിച്ചത് വലിയൊരു ബഹുമതിയായി കാണുന്നുവെന്ന് അക്ഷിത പറഞ്ഞു. സായുധ സേനയുടെ കരുത്തും ഐക്യവും വിളിച്ചോതുന്ന ഈ പരേഡ് കാണുന്ന യുവാക്കൾ, രാജ്യത്തെ സേവിക്കാനായി ഇന്ത്യൻ വ്യോമസേനയിലേക്ക് കടന്നുവരാൻ പ്രേരിപ്പിക്കപ്പെടുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
സൈനിക പാരമ്പര്യത്തിന് പേരുകേട്ട ഹരിയാണയിലെ കസ്നി എന്ന ഗ്രാമത്തിലാണ് അക്ഷിത ജനിച്ചു വളർന്നത്. കുട്ടിക്കാലത്ത് റിപ്പബ്ലിക് ദിന പരേഡുകൾ കണ്ട് വളർന്ന അവരിൽ രാജ്യസേവനം എന്ന സ്വപ്നം അന്നേ ഉടലെടുത്തിരുന്നു. പിതാവ് പരേഡിൽ പങ്കെടുത്തത് കണ്ടതാണ് യൂണിഫോം ധരിക്കാനും രാജ്യത്തെ സേവിക്കാനുമുള്ള ആഗ്രഹം വളരാൻ കാരണമായതെന്ന് അക്ഷിത ന്യൂസ്18നോട് പറഞ്ഞു.
അച്ചടക്കവും സ്ഥിരോത്സാഹവുമാണ് തന്റെ യാത്രയുടെ അടിത്തറയെന്ന് അക്ഷിത സാക്ഷ്യപ്പെടുത്തുന്നു. ഡൽഹി സർവകലാശാലയിലെ ശ്രീ ഗുരു തേജ് ബഹാദൂർ ഖൽസ കോളേജിലെ പഠനകാലത്ത് അക്ഷിത നാഷണൽ കേഡറ്റ് കോർപ്സിൽ (എൻസിസി) അംഗമായിരുന്നു. അവിടെ നേതൃപാടവം തെളിയിച്ച അവർ കേഡറ്റ് സർജന്റ് മേജർ (സിഎസ്എം) പദവി വരെ ഉയർന്നു.
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് വിജയിച്ച ശേഷം 2023 ജൂൺ 17-നാണ് അക്ഷിത അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ഫ്ലയിങ് ഓഫീസറായി കമ്മീഷൻ ചെയ്യപ്പെട്ടത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഫ്ലൈറ്റ് ലഫ്റ്റനന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അവർ ലോജിസ്റ്റിക്സ്, പേഴ്സണൽ മാനേജ്‌മെന്റ് തുടങ്ങിയ നിർണ്ണായകമായ ഭരണപരമായ ചുമതലകൾ വിജയകരമായി നിർവ്വഹിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകിയ ഈ വർഷത്തെ പരേഡിൽ പങ്കെടുക്കാൻ സാധിച്ചത് തന്റെ കരിയറിലെ സവിശേഷമായ ഒന്നാണെന്ന് അവർ പറഞ്ഞു.
Content Highlights: Flight Lieutenant Akshita Dhankar made history unfurling the Indian flag with President Murmu at Republic Day. Learn about her inspiring journey from Haryana village to Kartavya Path.