രാഹുലിന്റെ മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അഖിലേഷ്; 'സഖ്യമുണ്ടാകും, പക്ഷേ...'

#ന്യൂസ് ഡെസ്ക്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അഖിലേഷ് യാദവ് റായ്ബറേലിയില്‍നിന്ന് ആരംഭിച്ച രഥയാത്ര |ഫോട്ടോ:ANI
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അഖിലേഷ് യാദവ് റായ്ബറേലിയില്‍നിന്ന് ആരംഭിച്ച രഥയാത്ര |ഫോട്ടോ:ANI

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽനിന്ന് തുടക്കമിട്ട് അഖിലേഷ് യാദവ്. കോൺഗ്രസുമായുള്ള തിരഞ്ഞെടുപ്പ് സഖ്യം തുടരുമെങ്കിലും സീറ്റ് വിഭജന ധാരണ 'വിജയസാധ്യത' അടിസ്ഥാനമാക്കി മാത്രമായിരിക്കുമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ വ്യക്തമാക്കി.

റായ്ബറേലിയിൽ തന്റെ പി.ഡി.എ രഥയാത്രക്കിടെ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് അഖിലേഷ് ഇങ്ങനെ പറഞ്ഞത്. 'സഖ്യമുണ്ടാകും, സഖ്യത്തോടൊപ്പം വെല്ലുവിളികളുമുണ്ടാകും... ഞങ്ങളെ സംബന്ധിച്ചിടത്തോളം വിഷയം സീറ്റുകളുടെ എണ്ണമല്ല, വിജയിക്കാൻ സാധ്യതയുള്ള സീറ്റുകളാണ്. ആരാണോ ജയിക്കുന്നത്, അവർ ആ സീറ്റ് എടുക്കെട്ടെ', അഖിലേഷ് പറഞ്ഞു.

2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എസ്.പി സഖ്യത്തിന് വൻ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു. '2024-ൽ ഞങ്ങൾ അവരെ പരാജയപ്പെടുത്തി. 2027-ലും പരാജയപ്പെടുത്തും' അഖിലേഷ് പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവരുടെ സഖ്യമാണ് പിഡിഎ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ നീക്കത്തിലൂടെ എസ്പിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നു.

യുപിയിലെ ബുൾഡോസർ രാജ് പിഡിഎ വിഭാഗങ്ങളെ ലക്ഷ്യമിട്ട് വേട്ടയാടുകയാണെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു. അസമത്വത്തിനെതിരെയുള്ള പോരാട്ടം തുടരുകയാണെന്ന് വ്യക്തമാക്കിയ അഖിലേഷ്, പി.ഡി.എ. വോട്ടർമാർ തങ്ങളുടെ രാഷ്ട്രീയ ശക്തിയേക്കുറിച്ച് ബോധവാന്മരാണെന്നും ഇത്തവണ കാര്യങ്ങൾ തികച്ചും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Akhilesh Yadav initiated the UP election campaign from Rahul Gandhi's constituency Raebareli., The alliance with Congress will continue, but seat-sharing will be based strictly on winability., Emphasized the success of the PDA (Pichhde, Dalit, Alpasankhyak) strategy from the 2024 Lok Sabha elections., Criticized the 'bulldozer raj' policy affecting marginalized communities.