ദളിതർ ശക്തർ, 2027-ൽ അവർ ബിജെപിയെ തുടച്ചുനീക്കും; യുപിയിൽ ‘ദാംദാർ ദളിത്’ മുദ്രാവാക്യവുമായി അഖിലേഷ് യാദവ്

ആഗ്ര: ഉത്തർപ്രദേശിൽ അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദലിത് വോട്ടർമാരെ ലക്ഷ്യമിട്ട് പ്രചാരണം ശക്തമാക്കി സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ദളിത് വിഭാഗത്തെ 'ദംദാർ ദളിത്' (ശക്തരായ ദളിതർ) എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണകക്ഷിയായ ബിജെപിക്കെതിരെ സമൂഹം ഒന്നിച്ചുനിൽക്കണമെന്ന് ആഹ്വാനം ചെയ്തു. 2027-ലെ തിരഞ്ഞെടുപ്പിൽ ദളിതർ ബിജെപിയെ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ആഗ്രയിൽ സംഘടിപ്പിച്ച ദളിത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
സമാജ്വാദി പാർട്ടിയുടെ 'പിഡിഎ' എന്ന മുദ്രാവാക്യത്തിലെ 'ഡി' എന്ന അക്ഷരത്തിന് പുതിയ അർഥവും അദ്ദേഹം നൽകി. 'ദംദാർ ദളിത്' എന്നാണ് ഇനിമുതൽ ഡി എന്നതുകൊണ്ട് അർഥമാക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു. ദളിത് സമൂഹത്തിൽനിന്ന് ലഭിക്കുന്ന പിന്തുണ കാണുമ്പോൾ ഇക്കാര്യം ഉറപ്പിച്ച് പറയാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വലിയ മുന്നേറ്റത്തിന്റെ തുടക്കമാണ് ആഗ്രയിലെ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.
പിഛ്ഡേ (പിന്നാക്ക വിഭാഗം), ദളിത്, അൽപസംഖ്യക് (ന്യൂനപക്ഷം) എന്നീ വാക്കുകളുടെ ചുരുക്കപ്പേരാണ് പിഡിഎ. ബിജെപിയെ നേരിടാൻ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് സമാജ്വാദി പാർട്ടിയുടെ നിലപാട്. ദളിതർ ബിജെപിയെ പരാജയപ്പെടുത്താൻ സജീവമായി രംഗത്തിറങ്ങണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. ഇത്തവണ ദളിത് സമൂഹം ബിജെപിയെ തോൽപ്പിക്കുമെന്നും പാർട്ടിയെ പൂർണമായും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ആഗ്രയിൽ പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാകുമെന്ന് പറഞ്ഞ അഖിലേഷ്, ദളിത് വിഭാഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമർശനം. ദളിതർക്കെതിരായ അതിക്രമങ്ങൾ ഏറ്റവുംകൂടുതൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഉത്തർപ്രദേശാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഡോ. ബി.ആർ. അംബേദ്കറുടെ ഇരുന്നൂറോളം പ്രതിമകൾ തകർത്തതായും അഖിലേഷ് ആരോപിച്ചു. എന്നാൽ, ഇതിന് ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടായില്ല. അംബേദ്കറുടെ പ്രതിമകൾ തകർക്കുന്നത് ഒരു ശിൽപത്തെ മാത്രം ആക്രമിക്കുന്നതല്ല. മറിച്ച് ബാബാസാഹേബിന്റെ കൈയിലുള്ള ഭരണഘടനയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്നും അഖിലേഷ് പറഞ്ഞു.
ഭരണഘടനയുടെ പ്രാധാന്യവും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഭരണഘടനയുണ്ടെങ്കിൽ മാത്രമേ മനുഷ്യർക്ക് അന്തസ്സോടെ ജീവിക്കാനും അവകാശങ്ങൾ നേടാനും ജനാധിപത്യം നിലനിർത്താനും കഴിയൂ. ഭരണഘടനയ്ക്ക് (സംവിധാൻ) പകരം ബിജെപി 'മനുവിധാൻ' ആണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മേഖലയിലും ബിജെപി സർക്കാരിനെതിരെ അഖിലേഷ് വിമർശനം ഉന്നയിച്ചു. പാവപ്പെട്ടവരുടെയും ദളിത് കുടുംബങ്ങളുടെയും കുട്ടികൾ പഠിച്ചിരുന്ന 26,000 പ്രാഥമിക വിദ്യാലയങ്ങൾ സർക്കാർ അടച്ചുപൂട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ദളിത്, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളുടെ കാര്യത്തിലും ബിജെപി സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിൽ ഇരുപതിലധികം സർക്കാർ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതായി അഖിലേഷ് ആരോപിച്ചു. ഇതുമൂലം ജോലി പ്രതീക്ഷിച്ചിരുന്ന നിരവധി യുവാക്കളുടെ അവസരങ്ങൾ നഷ്ടപ്പെട്ടു. സംവരണത്തിലൂടെ ജോലി നേടാൻ ശ്രമിക്കുന്നവരെയും ഇത്തരം സംഭവങ്ങൾ ബാധിക്കുന്നു. അസിസ്റ്റന്റ് ടീച്ചർ നിയമനത്തിലെ സംവരണവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ നടത്തുന്ന പ്രതിഷേധവും അദ്ദേഹം പരാമർശിച്ചു. സമാജ്വാദി പാർട്ടി സർക്കാർ അധികാരത്തിലെത്തിയാൽ ഉദ്യോഗാർഥികൾക്ക് അർഹമായ അവകാശങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
'ഇത്തവണ ലാത്തി തോൽക്കും, ലാപ്ടോപ്പ് വിജയിക്കും' എന്നായിരുന്നു യുവാക്കൾക്ക് മുന്നിലെ അഖിലേഷിന്റെ മുദ്രാവാക്യം. പഠിക്കാനും ജീവിതത്തിൽ മുന്നേറാനുമാണ് യുവാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ, അവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. 2027-ലെ തിരഞ്ഞെടുപ്പ് ജനസംഖ്യയിലെ അഞ്ചുശതമാനവും 95 ശതമാനവും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
സമാജ്വാദി പാർട്ടി അധികാരത്തിലെത്തിയാൽ സാമൂഹികനീതി ഉറപ്പാക്കാൻ പ്രവർത്തിക്കുമെന്ന് വാഗ്ദാനംചെയ്ത അഖിലേഷ് യാദവ്, സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തുകയും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
Content Highlights: Ahead of the 2027 Uttar Pradesh Assembly elections, Samajwadi Party chief Akhilesh Yadav coined the 'Damdar Dalit' slogan at an Agra convention, asserting that Dalits will wipe out the ruling BJP.