ശരദ് പവാറും അമിത് ഷായും സഖ്യചർച്ച നടത്തി, ഇടനില നിന്നത് അദാനി; വിവാദ വെളിപ്പെടുത്തലുമായി അജിത് പവാർ

ശരദ് പവാർ, അമിത് ഷാ, അദാനി, അജിത് പവാർ | Photo: PTI,ANI
ശരദ് പവാർ, അമിത് ഷാ, അദാനി, അജിത് പവാർ | Photo: PTI,ANI

മുംബൈ: 2019-ല്‍ മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അവിഭക്ത എന്‍.സി.പി.യും ബി.ജെ.പി.യും തമ്മില്‍ സഖ്യചര്‍ച്ചകള്‍ നടന്നിരുന്നു എന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാര്‍. അമിത് ഷായും ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഇടനില നിന്നത് ഗൗതം അദാനിയായിരുന്നു എന്നും അജിത് പവാര്‍ ദേശീയ മാധ്യമമായ ന്യൂസ് ലോണ്‍ട്രിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2019 ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ശ്രമിച്ചു എന്നും അതിന് അദാനി ഇടനില നിന്നുവെന്നുമാണ് അജിത് പവാര്‍ വെളിപ്പെടുത്തിയത്‌

എന്‍.സി.പി നേതാവായ പ്രഫുല്‍ പട്ടേലും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസും  താനും ശരദ് പവാറിനും അമിത് ഷായ്ക്കും അദാനിക്കുമൊപ്പം യോഗത്തില്‍ പങ്കെടുത്തു എന്നും അജിത് പവാര്‍ വ്യക്തമാക്കി. സഖ്യത്തില്‍ നിന്ന് എന്തിനാണ് ശരദ് പവാര്‍ പിന്മാറിയത് എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മനസ്സ് ഭാര്യക്കും മകള്‍ക്കും പോലും മനസ്സിലാവില്ല എന്നായിരുന്നു അജിത് പവാറിന്റെ മറുപടി. 

ശരദ് പവാര്‍ അമിത് ഷായുമായി ഇത്തരത്തിലൊരു കൂടിക്കാഴ്ച നടത്തിയതായി തനിക്ക് അറിയില്ലെന്നായിരുന്നു ശരദ് പവാറിന്റെ മകളും എന്‍സിപി എം.പി.യുമായ സുപ്രിയ സൂളെയുടെ പ്രതികരണം. ബിജെപി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം 2019-ല്‍ അല്ല 2017-ലാണ് കൂടിക്കാഴ്ച നടന്നത് എന്ന് വ്യക്തമാക്കി ചില നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
 

Content Highlights: Ajit Pawar claims talks for an NCP-BJP alliance after the 2019 Maharashtra election,