ഷിന്ദേയുടെ വഴിയേ അജിത് പവാര്‍;പാര്‍ട്ടി പേരിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ച് കമ്മിഷനെ സമീപിച്ചു

അജിത് പവാര്‍ | Photo: PTI
അജിത് പവാര്‍ | Photo: PTI

മുംബൈ: പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിലും അവകാശവാദം ഉന്നയിച്ച് എന്‍.സി.പി. അജിത് പവാര്‍ പക്ഷം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. നേരത്തെ, ശിവസേന പിളര്‍ത്തി പാര്‍ട്ടി കൈയടക്കി എന്‍.ഡി.എ. ക്യാമ്പിലെത്തി മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്ദേയുടെ പാതയിലാണ് അജിത് പവാര്‍ സഞ്ചരിക്കുന്നത്. ശരദ് പവാര്‍- അജിത് പവാര്‍ പക്ഷങ്ങളുടെ യോഗം മുംബൈയില്‍ നടന്നപ്പോള്‍ ഭൂരിപക്ഷം എം.എല്‍.എമാരും അജിത് പവാറിനൊപ്പമാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് പാര്‍ട്ടി പേരും ചിഹ്നവും കൈക്കലാക്കാനുള്ള നടപടികളിലേക്ക് അജിത് പവാര്‍ നീങ്ങിയത്.

അതേ സമയം ശരദ് പവാര്‍ പക്ഷത്തെ പ്രതിനിധീകരിച്ച് ജയന്ത് പാട്ടീലും ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്‌. അജിത് പവാര്‍ പക്ഷം വിളിച്ച യോഗത്തില്‍ 29 എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നു. ശരദ് പവാറിന്റെ യോഗത്തില്‍ 13 പേരായിരുന്നു എത്തിയത്. അതേസമയം, 11 എം.എല്‍.എമാര്‍ ഇരുയോഗങ്ങളില്‍നിന്നും വിട്ടുനിന്നിരുന്നു. അജിത് പവാര്‍ പക്ഷത്തിന് കൂറുമാറ്റനിരോധനനിയമപ്രകാരമുള്ള നടപടികള്‍ മറികടക്കാന്‍ 36 എം.എല്‍.എമാരുടെ പിന്തുണ വേണം. 40 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെട്ടാണ് അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലനേയും ദേശീയ സെക്രട്ടറി സുനില്‍ തട്കരയെയും ശരദ് പവാര്‍ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഒമ്പത് എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ പക്ഷം നിയമസഭാ സ്പീക്കറെ സമീപിച്ചിരുന്നു. അജിത് പവാറിന് പകരം ജിതേന്ദ്ര അവാഡിനെ നിയമസഭാ കക്ഷിനേതാവായും ശരദ് പവാര്‍ പക്ഷവും പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, സുനില്‍ തട്കരയെ സംസ്ഥാന അധ്യക്ഷനായി അജിത് പവാര്‍ പക്ഷം പ്രഖ്യാപിച്ചിരുന്നു. അനില്‍ ഭായ് ദാസ് പാട്ടീലനെ ചീഫ് വിപ്പായും അജിത് പവാറിനെ നിയമസഭാ കക്ഷിനേതാവായും കഴിഞ്ഞ ദിവസത്തെ യോഗം തിരഞ്ഞെടുത്തിരുന്നു. ദേശീയ വര്‍ക്കിങ് പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പ്രഫുല്‍ പട്ടേലായിരുന്നു നിയമനങ്ങള്‍ നടത്തിയത്. അതേസമയം, തങ്ങളുടെ ദേശീയ അധ്യക്ഷന്‍ ഇപ്പോഴും ശരദ് പവാര്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ പറഞ്ഞിരുന്നു.

Content Highlights: ajit pawar ncp claim symbol name election commission Maharashtra nda government