38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ന്യൂഡൽഹി: ജൂൺ 21-നും ജൂലായ് 15-നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശസർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഡൽഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്.
നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിച്ച എയർ ഇന്ത്യ, ഇവർക്ക് ബദൽ വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ അല്ലെങ്കിൽ മുൻഗണന അനുസരിച്ച് മുഴുവൻ പണവും റീഫണ്ട് ചെയ്യാമെന്നോ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാപരിശോധന കർശനമാക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർവീസുകൾ കുറയ്ക്കുന്നത്.
Content Highlights: Air India reduces flights on 16 international routes, suspends 3 routes