ലാൻഡിങ്ങിന് തൊട്ടുമുൻപ് RAT പ്രവർത്തിച്ചതായി എയർഇന്ത്യ; സുരക്ഷിതമായി ഇറക്കി

പ്രതീകാത്മക ചിത്രം| AI generated image
പ്രതീകാത്മക ചിത്രം| AI generated image

മുംബൈ: എയര്‍ ഇന്ത്യ ബോയിങ് 787 വിമാനത്തിന്റെ റാം എയര്‍ ടര്‍ബൈന്‍ (RAT) ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതായി എയര്‍ലൈന്‍സ് അറിയിച്ചു. അമൃത്സര്‍-ബര്‍മിങാം വിമാനത്തിലെ റാറ്റാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനം പരിശോധനയ്ക്കായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ബര്‍മിങാം-ഡല്‍ഹി വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പ് RAT പ്രവര്‍ത്തിച്ചതായി പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എല്ലാ ഇലക്ട്രിക്, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ നിലയിലായിരുന്നുവെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തില്‍ എത്ര പേരുണ്ടായിരുന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിവരികയാണെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി.

രണ്ട് എന്‍ജിനുകളും ഒരുമിച്ച് പരാജയപ്പെടുകയോ ഇലക്ട്രോണിക്, ഹൈഡ്രോളിക് സംവിധാനങ്ങള്‍ പൂര്‍ണമായി തകരാറിലാവുകയോ ചെയ്താലാണ് റാറ്റ് പ്രവര്‍ത്തിക്കുക. പുറത്തേക്ക് വന്ന് പ്രവര്‍ത്തിക്കുക. അപകടഘട്ടത്തില്‍ തനിയെ പ്രവര്‍ത്തനക്ഷമാകുകയാണ് ചെയ്യുക. പൈലറ്റമാര്‍ വിചാരിച്ചാല്‍ പോലും ഓണാക്കാനാകില്ല. ഇത്തരം ഘട്ടങ്ങളില്‍ കാറ്റിന്റെ സഹായത്താല്‍ ഇത് അത്യാവശ്യകാര്യങ്ങള്‍ക്കുള്ള വൈദ്യുതി നല്‍കും. ഈവര്‍ഷം ജൂണില്‍ നടന്ന എയര്‍ ഇന്ത്യ ബോയിങ് 787 വിമാനാപകടത്തിന്റെ കാരണങ്ങളായി എന്‍ജിന്‍ തകരാര്‍, ഹൈഡ്രോളിക്/ ഇലക്ട്രിക്കല്‍ തകരാര്‍, സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനം ഒരു മെഡിക്കല്‍ ഹോസ്റ്റല്‍ സമുച്ചയത്തിലേക്ക് തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ ഉള്‍പ്പെടെ 260 പേര്‍ മരിച്ചിരുന്നു. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Air India Grounds Boeing 787 After Ram Air Turbine Deploys During Approach