ഇസ്രയേൽ വിലക്ക്: പാകിസ്താൻ ഉൾപ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങൾക്ക് എയർ ഫ്രാൻസിൽ നിയന്ത്രണം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാരിസ്: ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന എയർ ഫ്രാൻസ് വിമാനങ്ങളിൽ പൈലറ്റുമാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നു. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത 31 രാജ്യങ്ങളിലെ പൗരത്വമോ, ഇരട്ട പൗരത്വമോ ഉള്ള ജീവനക്കാരെ ഇസ്രയേൽ സർവീസിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശത്തെ തുടർന്നാണ് നടപടി. സർവീസ് നടത്തുന്ന രാജ്യങ്ങളിലെ പ്രവേശന നിയമങ്ങൾ പാലിക്കാൻ വിമാനക്കമ്പനി ബാധ്യസ്ഥരാണെന്ന് എയർ ഫ്രാൻസ് വക്താവ് വ്യക്തമാക്കി. പാകിസ്താൻ, ഇറാൻ, സൗദി അറേബ്യ, അൾജീരിയ, ടുണീഷ്യ തുടങ്ങി ഭൂരിഭാഗവും മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെയാണ് ഈ തീരുമാനം ബാധിക്കുക.

സെപ്തംബർ 30ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ നടന്ന അക്രമസംഭവത്തെ തുടർന്നാണ് ഇസ്രയേൽ ഗതാഗത മന്ത്രാലയം ഈ നിർദ്ദേശം വിദേശ വിമാനക്കമ്പനികൾക്ക് നൽകിയത്. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിലെ ഒമാൻ പൗരനായ സഹപൈലറ്റ് വിമാനത്തിലെ ഇന്ത്യൻ പൈലറ്റിനെ ആക്രമിക്കുകയും വിമാനം ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷ മുൻനിർത്തി ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ ജീവനക്കാർക്ക് ഇസ്രയേൽ വ്യോമാതിർത്തിയിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തുവന്നത്.

അതേസമയം എയർ ഫ്രാൻസ് കമ്പനിയുടെ തീരുമാനത്തിനെതിരേ ഫ്രാൻസിൽ നിയമപരമായ ആശങ്കകളും വിവേചന ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്. ദേശീയതയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ ജീവനക്കാരോട് വിവേചനം കാണിക്കുന്നത് ഫ്രഞ്ച് തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ഫ്രാൻസിലെ നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കുറഞ്ഞത് 31 രാജ്യങ്ങളിലെ പൗരന്മാരെ മൊത്തമായി സുരക്ഷാ ഭീഷണിയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഇത് തൊഴിൽപരമായ നിയമനടപടികൾക്ക് വഴിവെച്ചേക്കുമെന്നുമാണ് അവരുടെ വാദം. അതേസമയം ചെക്ക് വിമാനക്കമ്പനിയായ സ്മാർട്ട്വിങ്‌സിനും സമാനമായ നിർദ്ദേശം ലഭിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ നിലവിലെ സർവീസുകളെ അത് ബാധിച്ചിട്ടില്ലെന്ന് അവർ അറിയിച്ചു.

Content Highlights: Air France bans crew with citizenship or dual citizenship of 31 countries without diplomatic ties to Israel from Israel-bound flights., Directive follows a September 30 security incident involving a Fly Dubai co-pilot attacking an Indian pilot., French legal experts raise discrimination concerns against French employment laws due to the nationality-based restrictions.