പ്രധാനമന്ത്രിയുടെ വസതിക്കടുത്തുള്ള എയർഫോഴ്സ് സ്പോർട്സ് കോംപ്ലക്സ് അടയ്ക്കും; ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം

ഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഥിതിചെയ്യുന്ന ലോക് കല്ല്യാൺ മാർഗിലെ എയർഫോഴ്സ് സ്പോർട്സ് കോംപ്ലക്സ് ബുധനാഴ്ച്ച മുതൽ അടച്ചിടും. ഒക്ടോബർ 31 ന് സ്ഥാനമൊഴിയുന്ന ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്ങിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് നടത്താനിരുന്ന ഗോൾഫ് പരിപാടി ഇതേത്തുടർന്ന് റദ്ദാക്കി.
സ്പോർട്സ് കോംപ്ലക്സ് അടച്ചുപൂട്ടുന്ന വിവരം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അംഗങ്ങൾക്ക് അധികൃതരിൽനിന്ന് ചൊവ്വാഴ്ച്ചയാണ് ലഭിച്ചത്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ഒക്ടോബർ 28 മുതൽ കോംപ്ലക്സ് അടച്ചിടുമെന്നായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വ്യോമസേനയ്ക്ക് അനുവദിച്ചുനൽകിയ ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ഈ സംഭവം. സ്പോർട്സ് കോംപ്ലക്സ് പ്രവർത്തിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ ഭൂമി തങ്ങൾക്ക് ആവശ്യമാണെന്ന് ഭവന-നഗരകാര്യ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു.
ഗോൾഫ് കോഴ്സ്, നീന്തൽക്കുളം, റസ്റ്ററന്റുകൾ എന്നീ സൗകര്യങ്ങളുള്ള സ്പോർട്സ് കോംപ്ലക്സ് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. വ്യോമസേനയിൽനിന്ന് വിരമിച്ചവരും നിലവിൽ സേവനമനുഷ്ടിക്കുന്നവരും സ്ഥിരമായി ഉപയോഗിക്കുന്ന ഈ സ്പോർട്സ് കോംപ്ലക്സ് ഉൾപ്പടുന്ന സ്ഥലം തിരിച്ചുപിടിക്കാൻ കേന്ദ്രസർക്കാർ ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് വ്യോമസേനയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
മെയ് 22-ന്, ഡൽഹി ജിംഖാന ക്ലബ്ബിന്റെ ഭൂമി ലാൻഡ് ആൻഡ് ഡെവലപ്മെന്റ് ഓഫീസിന് കൈമാറാൻ അധികൃതർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഭൂമിയുടെ പാട്ടക്കരാറിലെ പൊതു ആവശ്യങ്ങൾക്കായുള്ള വ്യവസ്ഥ ഉന്നയിച്ചുകൊണ്ട്, പ്രതിരോധകാര്യങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും ഈ ഭൂമി ആവശ്യമാണെന്നായിരുന്നു സർക്കാർ വിശദീകരണം. കൊളോണിയൽ കാലത്ത് സ്ഥാപിതമായതെന്ന് കരുതപ്പെടുന്ന ക്ലബിന്റെ ശാശ്വത പാട്ടക്കരാർ റദ്ദാക്കാനുള്ള സർക്കാർ തീരുമാനത്തെ ചോദ്യംചെയ്തുകൊണ്ട് ക്ലബ്ബ് അധികൃതർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജയ്പൂർ പോളോ ഗ്രൗണ്ടിന്റെ കൈവശാവകാശവും സമീപകാലത്ത് സർക്കാർ ഏറ്റെടുത്തിരുന്നു.
Content Highlights: Air Force Sports Complex at Lok Kalyan Marg closed indefinitely from Wednesday., Farewell golf event for outgoing IAF Chief Air Chief Marshal AP Singh cancelled., Union Ministry of Housing and Urban Affairs seeks to reclaim the land., Complex features golf course, swimming pool, and restaurants near the PM's residence., Part of a broader government move to reclaim land held by defense and colonial-era clubs.