41 തൊഴിലാളികളും പൂര്‍ണ ആരോഗ്യവാന്മാര്‍, ഉടന്‍ വീടുകളിലേക്ക് പോകാന്‍ കഴിയും - AIIMS അധികൃതര്‍

ഋഷികേശ് (ഉത്തരാഖണ്ഡ്): ഉത്തരകാശിയിലെ സില്‍കാര തുരങ്കത്തില്‍നിന്ന് രക്ഷപ്പെടുത്തിയ 41 തൊഴിലാളികളും ആരോഗ്യം വീണ്ടെടുത്തതായി ഋശികേശ് എയിംസ് അധികൃതര്‍. നിലവില്‍ ഈ 41 പേരും എയിംസില്‍ ചികിത്സയിലാണ്. എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാരാണെന്നും ഉടന്‍ തന്നെ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാനാകുമെന്നും എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
നവംബര്‍ 28 നാണ് സില്‍കാര തുരങ്കത്തില്‍ കുടുങ്ങിപ്പോയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. 17 ദിവസങ്ങളാണ് ഇവര്‍ തുരങ്കത്തിനകത്ത് കുടുങ്ങിപ്പോയത്. രക്ഷപ്പെടുത്തിയതിനുശേഷം വിദഗ്ധ പരിശോധനകള്‍ക്കായാണ് ഇവരെ എയിംസില്‍ എത്തിച്ചത്.
' 41 തൊഴിലാളികളെയാണ് ഇവിടെ എത്തിച്ചിട്ടുള്ളത്. അതില്‍ കൂടുതല്‍പ്പേരും ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യും. ഈ സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുമായി ഞങ്ങള്‍ ബന്ധപ്പെടും. മറ്റ് സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുമായി ബന്ധപ്പെടാനുള്ള ശ്രമത്തിലാണ്'- എയിംസിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ.നരേന്ദ്ര കുമാര്‍ പറഞ്ഞു. തൊഴിലാളികളുടെ എക്സ്-റേ, ഇ.സി.ജി, രക്തം എന്നിവ പരിശോധിച്ചെന്നും ആര്‍ക്കും യാതൊരു കുഴപ്പവുമില്ലെന്നും എയിംസിലെ ഡോക്ടര്‍ രവികാന്ത് വ്യക്തമാക്കി. ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം രണ്ടാഴ്ച കഴിഞ്ഞ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചെക്കപ്പിനായി ചെല്ലണമെന്നും ഡോക്ടര്‍ തൊഴിലാളികളോട് നിര്‍ദേശിച്ചു.
28-ന് രാത്രി എട്ടോടെയാണ് ആദ്യത്തെ തൊഴിലാളിയെ തുരങ്കത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കിയതോടെ ആശ്വാസത്തിന്റെ കാറ്റുവീശി. ദേശീയ ദുരന്തനിവാരണ സേനയുടെ 12 പേര്‍ വീതമടങ്ങുന്ന മൂന്നുസംഘങ്ങള്‍ തുരങ്കത്തിനുള്ളില്‍ പ്രവേശിച്ചാണ് തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.
Content Highlights: AIIMS-Rishikesh's health update on 41 workers rescued from Uttarkashi tunnel