‘ടിവികെ കുതിരക്കച്ചവടം നടത്തുന്നു, പണമിടപാടിൽ സിബിഐ അന്വേഷണം വേണം’- ഗവർണർക്ക് പരാതി നൽകി എഐഎഡിഎംകെ

ചെന്നൈ: ഭരണകക്ഷിയായ ടി.വി.കെ. നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അണ്ണാ ഡി.എം.കെ. പ്രതിനിധികൾ ഗവർണർ രാജന്ദ്ര ആർലേക്കർക്ക് പരാതി നൽകി. എം.എംൽ.എ.മാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡി.എം.കെയും ടി.വി.കെ.യും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ ശനിയാഴ്ച ഗവർണറെ കണ്ടത്.
വൻതോതിൽ പണം നൽകിയാണ് മറ്റു പാർട്ടികളിൽനിന്നുള്ള എം.എൽ.എ.മാരെ ടി.വി.കെ.യിലേക്ക് ആകർഷിക്കുന്നതെന്ന് അണ്ണാ ഡി.എം.കെ. വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തി നൽകിയ പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ണാ ഡി.എം.കെ. രാജ്യസഭാംഗം എം. ധനപാലും കൃഷ്ണമൂർത്തിക്കൊപ്പമുണ്ടായിരുന്നു.
അണ്ണാ ഡി.എം.കെ.യുടെ കെ. മരഗതം കുമാരവേൽ (മധുരാന്തകം) എസ്. ജയകുമാർ (പെരുന്തുറൈ). പി. സത്യഭാമ(ധാരാപുരം), എസക്കി സുബ്ബയ്യ (അംബാസമുദ്രം) എന്നിവർ എം.എൽ.എ. സ്ഥാനം രാജിവെച്ച് ടി.വി.കെ.യിൽ ചേർന്നിരുന്നു. പാർട്ടി എം.എൽ.എ.മാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടിയുയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു. ഇതിൽപ്പെട്ട നാലു പേരാണ് പിന്നീട് എം.എൽ.എ. സ്ഥാനം രാജിവെച്ചത്.
അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരിൽ 90 ശതമാനം പേരും ടി.വി.കെ.യിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അണ്ണാ ഡി.എം.കെ. നേതാവ് ആർ.ബി. ഉദയകുമാർ മുന്നറിയിപ്പു നൽകി. ഡി.എം.കെ.യിൽനിന്ന് വി.സി.കെ. വഴി ടി.വി.കെ.യിലെത്തിയ ആധവ് അർജുനയ്ക്ക് കൂറുമാറ്റങ്ങളുടെ പാരമ്പര്യമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോട്ടറി രാജാവിനുവേണ്ടി സംസ്ഥാന ഭരണം നിയന്ത്രണത്തിൽ കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ഉദയകുമാർ ആരോപിച്ചു.
സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനുവേണ്ടി ടി.വി.കെ. കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം മന്ത്രി കെ.എ. സെങ്കോട്ടയ്യൻ ശനിയാഴ്ച നിഷേധിച്ചു. എം.എൽ.എ. സ്ഥാനം രാജിവെച്ചതിനുശേഷമാണ് അണ്ണാ ഡി.എം.കെ.യുടെ നാല് നേതാക്കൾ ടി.വി.കെ.യിൽ ചേർന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഡി.എം.കെ.യുമായി ചേർന്ന് മന്ത്രിസഭയുണ്ടാക്കാൻ അണ്ണാ ഡി.എം.കെ. നേതൃത്വം ശ്രമിച്ചതാണ് എം.എൽ.എ.മാരുടെ രാജിയിലേക്ക് നയിച്ചത്. ടി.വി.കെ. കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണത്തിന് നിയമസഭയിൽ മറുപടി നൽകുമെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു.
Content Highlights: AIADMK leaders filed a formal complaint with Governor Rajendra Arlekar against TVK., Allegations of horse-trading and financial inducements to attract opposition MLAs., Four AIADMK MLAs resigned and joined TVK, causing a major political shift., AIADMK demands a CBI investigation into the financial transactions involved., TVK ministers denied the allegations, citing internal dissatisfaction within AIADMK.