എന്തിനാണ് സ്വിച്ച് ഓഫ് ചെയ്തത്? ഞാനല്ലെന്ന് സഹപൈലറ്റ്; അഹമ്മദാബാദ് ദുരന്തത്തിന് പിന്നിലെന്ത്?

പ്രതീകാത്മക ചിത്രം, അഹമ്മദാബാദിൽ തകർന്ന വിമാനം | x.com/aviationbrk, ANI
പ്രതീകാത്മക ചിത്രം, അഹമ്മദാബാദിൽ തകർന്ന വിമാനം | x.com/aviationbrk, ANI

ന്യൂഡല്‍ഹി:  260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടം സംബന്ധിച്ച് അന്വേഷണം നടത്തിയ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റെ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തിന്റെ പ്രഥമിക റിപ്പോര്‍ട്ടാണ് വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടത്. അപകടത്തിന് കാരണമായത് വിമാനത്തിന്റെ രണ്ട് എന്‍ജിനുകള്‍ നിലച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ അപകടത്തിന്റെ കാരണങ്ങളിലേക്ക് കൂടുതല്‍ എത്താന്‍ വിശദമായ അന്വേഷണം വേണെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വിമാനത്തിലെ എന്‍ജിനുകള്‍ നിലച്ചതിന് കാരണം എന്‍ജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എന്‍ജിന്‍ ഫ്യൂവര്‍ സ്വിച്ച് കട്ടോഫ് ആയതിനാലാണ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തെളിയിക്കുന്ന പൈലറ്റുമാരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ അന്വേഷണ സംഘത്തിന് കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറില്‍ നിന്ന് ലഭിച്ചു. 

എന്തിനാണ് സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് പൈലറ്റുമാരില്‍ ഒരാള്‍ ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തത് എന്ന് മറ്റൊരാള്‍ പറയുന്നതിന്റെയും ശബ്ദരേഖയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.  എന്നാല്‍ സ്വിച്ചുകള്‍ ഓഫായതിന് പിന്നില്‍ എന്താണ് കാരണമെന്ന് റിപ്പോര്‍ട്ടിലില്ല. 

നാല് കാര്യങ്ങളാണ് അസ്വഭാവികമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഈ സ്വിച്ചുകള്‍ കട്ട് ഓഫ് ആയി എന്നതാണ്. ഇങ്ങനെ ഓഫ് ചെയ്തതിന് പിന്നാലേ എന്‍ജിനിലേക്കുള്ള ഇന്ധന ഒഴുക്ക് നിലച്ചു. പിന്നാലെ ത്രസ്റ്റ് നഷ്ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുകയായിരുന്നു. 

അബദ്ധത്തില്‍ കൈതട്ടിയാല്‍ ഈ സ്വിച്ച് ഓഫ് ആകുകയില്ല. ബോധപൂര്‍വമോ, അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വിച്ചെന്ന് തെറ്റിധരിച്ചോ ഓഫ് ചെയ്താല്‍ മാത്രമേ ഇങ്ങനെ സംഭവിക്കു. എന്നാല്‍ പരിചയ സമ്പന്നരായ രണ്ട് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതിനാല്‍ അബദ്ധത്തില്‍ മറ്റേതെങ്കിലും സ്വിച്ച് ആണെന്ന് തെറ്റിധരിക്കാനുള്ള സാധ്യത വിരളമാണ്. 

ഈ വിഷയത്തില്‍ മൂന്ന് സാധ്യതകളാണ് പരിശോധിക്കുന്നത്. അതിലൊന്ന് പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള പിഴവാണ്. മറ്റേതെങ്കിലും സ്വിച്ച് മാറ്റുന്ന സമയത്ത് ഫ്യൂവല്‍ സ്വച്ചും കട്ട് ഓഫ് ചെയ്തതാകാമെന്നതാണ് ഒരു സാധ്യത.   രണ്ടാമത്തെ സാധ്യത വിമാനത്തിന്റെ സാങ്കേതിക തകരാറാണ്. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനത്തിലുള്ള സാങ്കേതിക തകരാറാകാം ഈ സ്വിച്ചുകള്‍ ഓഫാകുന്നതിലേക്ക് നയിച്ചതെന്നാണ് രണ്ടാമത്തെ സാധ്യത. 

മൂന്നാമത്തേക് ബോയിങ് 787 വിമാനത്തിന്റെ കോക്പിറ്റ് രൂപകല്‍പ്പനയിലെ പിഴവുകളും സ്വിച്ച് ഓഫ് ആകുന്നതിലേക്ക് നയിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.  നിലവില്‍ ഈ മൂന്ന് സാധ്യതകളാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷിക്കുന്നത്. വിമാനത്തിലെ 230 പേരും വിമാനം തകര്‍ന്നുവീണ സ്ഥലത്ത് ഉണ്ടായിരുന്ന 30 പേരുമുള്‍പ്പെടെ 260 പേരാണ് ദുരന്തത്തില്‍ മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. 

Content Highlights: Preliminary report on the Ahmedabad plane crash reveals engine fuel cut off as the cause.