പന്ത്രണ്ടുകാരിയുടെ 'തമാശ' കാര്യമായി’; അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ ബോംബുഭീഷണി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ഹൈദരാബാദ്: അഹമ്മദാബാദിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തിൽ 12-കാരി നടത്തിയ ‘തമാശപറച്ചിൽ’ പരിഭ്രാന്തി പരത്തി. വിമാനത്തിൽ ബോംബു വെച്ചിട്ടുണ്ടെന്ന് കുട്ടി ഒപ്പമുള്ളവരോട് പറയുന്നത് ക്യാമ്പിൻ ക്രൂ കേട്ടതാണ് വിഷയമായത്.

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ജാഗ്രത പ്രഖ്യാപിക്കുന്നതിനുൾപ്പെടെ ഈ തമാശപറച്ചിൽ ഇടയാക്കി. സ്കൂൾ വിനോദയാത്ര കഴിഞ്ഞ് മറ്റ് കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനിയാണ് കൂടെയുണ്ടായിരുന്ന സഹപാഠിയോട് വിമാനത്തിൽ ‘ബോംബുണ്ട്’ എന്ന് പറഞ്ഞത്. ഇത് കേട്ട ക്യാബിൻ ക്രൂ അംഗം ഉടൻ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു.

വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും കുട്ടിയെ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു. കുട്ടി ബോധപൂർവമല്ലാതെ തമാശരൂപേണ പറഞ്ഞതാണെന്നും മറ്റ് യാതൊരു വിധ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

Content Highlights: A 12-year-old student joked about a bomb on a flight from Ahmedabad to Hyderabad., The cabin crew overheard the remark and alerted the pilot immediately., Rajiv Gandhi International Airport security conducted a thorough check, finding nothing suspicious., No legal case was filed due to the minor's age, and she was given counseling.