അഗ്നിവീർ: അധിക രണ്ടു വർഷക്കാലയളവിൽ ’വിവാഹ വിലക്ക് ’ ഒഴിവാക്കിയേക്കും

#സ്വന്തം ലേഖകൻ
Photo: ANI
Photo: ANI

ന്യൂഡൽഹി: അഗ്നിപഥ് സ്‌കീം വഴി സേനകളിൽ നിയമിക്കപ്പെടുന്ന അഗ്നിവീറുകൾക്ക് കഴിഞ്ഞദിവസം അനുവദിച്ച രണ്ടുവർഷത്തെ അധിക കാലയളവിൽ വിവാഹം കഴിക്കുന്നതിനുള്ള വിലക്ക് നീക്കിയേക്കും.

നിലവിലെ സ്‌കീംപ്രകാരം നാലുവർഷത്തെ സേവനകാലയളവിൽ അഗ്നിവീറുകൾക്ക് വിവാഹം കഴിക്കാൻ അനുമതിയില്ലായിരുന്നു. കാലാവധി രണ്ടു വർഷത്തേക്ക് നീട്ടിക്കിട്ടുന്ന അഗ്നിവീറുകളുടെ വ്യക്തിപരവും കുടുംബപരവുമായ പരിഗണനകൾ കണക്കിലെടുത്താണ് വിവാഹത്തിനുള്ള വിലക്കൊഴിവാക്കാൻ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗികപ്രഖ്യാപനമുണ്ടായിട്ടില്ല.

2022-ൽ നിയമിതരായ ആദ്യബാച്ച് അഗ്നിവീറുകളുടെ കാലാവധി ഡിസംബർ 31-ന് പൂർത്തിയാകാനിരിക്കെയാണ്, സേനകളിൽ സ്ഥിരപ്പെടുന്ന 25 ശതമാനമൊഴിച്ചുള്ള 75 ശതമാനം പേർക്ക് രണ്ടു വർഷത്തേക്കു കൂടി സേവനകാലാവധി നീട്ടിനൽകിയത്. ഇവർക്ക് അതിനുശേഷം സേനകളിൽ സ്ഥിരനിയമനവും ലഭിക്കും. താത്‌പര്യത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാകും സ്ഥിരപ്പെടുത്തൽ. പ്രവർത്തനശേഷിയും സൈനികസേവനത്തോടുള്ള ഇവരുടെ ആഭിമുഖ്യവും വിലയിരുത്തി എല്ലാ അഗ്നിവീറുകൾക്കും സ്ഥിരം സേനകളുടെ ഭാഗമാകാൻ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് സംയുക്ത സേനാ മേധാവി ജനറൽ എൻ.എസ്. രാജസുബ്രമണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

അതേസമയം, അഗ്നിവീറുകൾക്ക് രണ്ടുവർഷത്തേക്ക് കാലാവധി നീട്ടിനൽകാനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനം ഇന്ത്യൻസൈന്യത്തെ കൂടുതൽ ചെറുപ്പവും ഊർജസ്വലവുമാക്കാൻ വഴിയൊരുക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ എക്‌സ് പോസ്റ്റിൽ പ്രതികരിച്ചു.

Content Highlights: Marriage ban for Agniveers with extended 2-year service is likely to be lifted., First batch of Agniveers appointed in 2022 faced completion of their 4-year tenure., 75 percent of Agniveers granted a 2-year service extension with future permanent absorption possibilities., Union Home Minister Amit Shah praised the Cabinet decision for keeping the military young and dynamic.