'അയോധ്യയ്ക്ക് ശേഷം മഥുര'; കൃഷ്ണജന്മഭൂമി രാഷ്ട്രീയവിഷയമാക്കി BJP, യു.പി തിരഞ്ഞെടുപ്പ് ലക്ഷ്യം

ലഖ്നൗ: ഉത്തർപ്രദേശിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയാക്കി ബിജെപി. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതിന് പിന്നാലെ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രം നിർമിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്. 'അയോധ്യ നമ്മുടേതായി, ഇനി മഥുരയുടെ ഊഴം' എന്നാണ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനായി മഥുരയിൽ ബിജെപി സംഘടിപ്പിച്ച രണ്ടുദിവസത്തെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രം പോലെ മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തും വലിയ ക്ഷേത്രം നിർമിക്കുമെന്ന് മൗര്യ തിങ്കളാഴ്ച പറഞ്ഞിരുന്നു. കോടതിവഴിയോ പരസ്പര ചർച്ചയിലൂടെയോ ക്ഷേത്ര നിർമാണം സാധ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മുഗൾ ചക്രവർത്തി ഔറംഗസേബാണ് ഷാഹി ഈദ്ഗാഹ് പള്ളി നിർമിച്ചത്. ക്ഷേത്രം തകർത്താണ് ഇവിടെ പള്ളി നിർമിച്ചതെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ കോടതിയെ സമീപിച്ചിട്ടുണ്ട്. 13.37 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശമാണ് തർക്കവിഷയം. ഈ ഭൂമി ശ്രീകൃഷ്ണ വിരാജ്മാൻ ദേവന്റേതാണെന്നാണ് ഹർജിക്കാരുടെ വാദം.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ ഈ വിഷയത്തിൽ മൗര്യ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. മഥുരയിൽ ക്ഷേത്രം നിർമിക്കാൻ തയ്യാറാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. ക്ഷേത്ര നിർമാണത്തിനുള്ള കർസേവയിൽ അഖിലേഷ് പങ്കാളിയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'ശ്രീകൃഷ്ണന്റെ ഭക്തനാണെങ്കിൽ ജന്മസ്ഥലത്ത് വലിയ ക്ഷേത്രം നിർമിക്കാൻ അഖിലേഷ് യാദവ് തയ്യാറാകണം. ഇത് അദ്ദേഹത്തിന്റെ പാർട്ടി തകർന്ന് പോകാതിരിക്കാനും 2017-ലെ സ്ഥിതിയുടെ അടുത്തെങ്കിലുമെത്താനും സഹായിക്കും' -ഇതാണ് മൗര്യ പറഞ്ഞത്.
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള ഉയർത്തി പ്രതിപക്ഷം ബിജെപിയെ നിരന്തരം വിമർശിക്കുന്നതിനിടെയാണ് ബിജെപി മഥുര വിഷയം വീണ്ടും സജീവമാക്കുന്നത്. ഡിസംബർ 12-ന് അഖിലേഷ് യാദവ് രാമക്ഷേത്രം സന്ദർശിക്കാനിരിക്കെയാണ് മൗര്യയുടെ വെല്ലുവിളിയെന്നതും ശ്രദ്ധേയമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള അഖിലേഷിന്റെ ആദ്യ യാത്രയാണിത്. മഥുര ക്ഷേത്ര നിർമാണത്തിൽ പങ്കാളിയാകാൻ അഖിലേഷിനെ വെല്ലുവിളിക്കുന്നതിലൂടെ വിഷയത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് തുറന്നുകാണിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. യാദവ സമൂഹത്തിന് ശ്രീകൃഷ്ണനുമായുള്ള ബന്ധവും അഖിലേഷ് തന്റെ യദുവംശി സ്വത്വത്തെക്കുറിച്ച് നിരന്തരം പറയുന്നതും ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്.
ഒരു സുപ്രഭാതത്തിൽ ബിജെപി പൊടുന്നനെ ഉയർത്തിയതല്ല മഥുര ക്ഷേത്ര വിഷയം. അഞ്ച് മാസം മുൻപുതന്നെ ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ ബിജെപി ആരംഭിച്ചിരുന്നു. ജൂൺ 29-ന് ഹാഥ്റസിൽ സർക്കാർ പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൃഷ്ണജന്മഭൂമി മോചന പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാൻ അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടിരുന്നു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർത്തതിലേക്ക് നയിച്ച രാമജന്മഭൂമി പ്രസ്ഥാനവുമായി താരതമ്യം ചെയ്തായിരുന്നു യോഗിയുടെ പ്രസ്താവന. 'ഇനി ശ്രീകൃഷ്ണന് വേണ്ടിയും എന്തെങ്കിലും ചെയ്യാൻ തയ്യാറെടുക്കണം. ഇനി മഥുരയെക്കുറിച്ച് സംസാരിക്കാം' എന്നായിരുന്നു യോഗി പറഞ്ഞത്. മതവിശ്വാസിയാണെങ്കിൽ ഈ ആവശ്യത്തെ പരസ്യമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം അഖിലേഷിനോട് ആവശ്യപ്പെട്ടിരുന്നു.
2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അഖിലേഷ് യാദവ് ആശ്രയിക്കുന്ന പിഡിഎ (പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ന്യൂനപക്ഷങ്ങൾ) സഖ്യത്തിൽ മുസ്ലിങ്ങൾക്ക് വലിയ പങ്കുണ്ട്. മഥുര ക്ഷേത്ര വിഷയം ഉയർത്തുന്നതിലൂടെ അഖിലേഷിനെ രാഷ്ട്രീയമായി പ്രതിസന്ധിയിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. ക്ഷേത്ര നിർമാണ ആവശ്യത്തോട് അഖിലേഷ് പ്രതികരിച്ചാൽ മുസ്ലിം പിന്തുണയെ ബാധിക്കാമെന്നും പ്രതികരിച്ചില്ലെങ്കിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട സാംസ്കാരിക സ്വത്വം അവകാശപ്പെടുന്ന യാദവ വിഭാഗത്തിൽ ചോദ്യങ്ങളുയരാമെന്നും ബിജെപി കണക്കുകൂട്ടുന്നു.
അതേസമയം ബാബ്റി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമവിധി വരികയും അയോധ്യയിൽ രാമക്ഷേത്രം ഉയരുകയും ചെയ്തതിന് ശേഷം സമാനമായ വിഷയങ്ങളിൽ നിന്ന് അകലം പാലിക്കുകയാണ് ആർഎസ്എസ്. എല്ലാ പള്ളികളിലും ശിവലിംഗം തിരയേണ്ടതുണ്ടോ എന്ന് 2022-ൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ചോദിച്ചിരുന്നു. ഇത്തരം വിഷയങ്ങളിൽ പുതിയ പ്രസ്ഥാനങ്ങൾ ആരംഭിക്കാൻ ആർഎസ്എസ് താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാരണാസിയിലെ ഗ്യാൻ വ്യാപി പള്ളിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയായിരുന്നു ഇത്. അയോധ്യയിലെ രാമക്ഷേത്രം ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വിദ്വേഷം, വൈരാഗ്യം, ശത്രുത, സംശയം എന്നിവയുടെ പേരിൽ പുതിയ വിഷയങ്ങൾ ദിവസേന ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും രണ്ട് വർഷത്തിന് ശേഷം അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം മൗര്യയുടെ പ്രസ്താവനയ്ക്കെതിരെ അഖിലേഷ് യാദവും രംഗത്തെത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകളെക്കുറിച്ചോ ഭക്തിഗാനങ്ങളെക്കുറിച്ചോ മൗര്യയ്ക്ക് അറിവില്ലെന്നും അദ്ദേഹം അടിമുടി വ്യാജനാണെന്നും അഖിലേഷ് പരിഹസിച്ചു. മഥുര വിഷയം രാഷ്ട്രീയ ചർച്ചയാക്കി മാറ്റുന്നതിനെ സമാജ്വാദി പാർട്ടിക്കൊപ്പം കോൺഗ്രസും വിമർശിച്ചു. മതപരമായ വികസന പദ്ധതികളുടെ പേരിൽ ഭൂമി ഏറ്റെടുക്കലും വീടുകൾ പൊളിക്കലും അഴിമതിയുമാണ് ഉത്തർപ്രദേശിൽ നടക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
അയോധ്യയിൽ ക്ഷേത്ര കൊള്ള നടത്തിയവർ മഥുരയിലും അതുതന്നെ ചെയ്യുമോ എന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര രാജ്പൂത് ചോദിച്ചു. മഥുരയിൽ നിർദിഷ്ട ഇടനാഴിയുടെ പേരിൽ വീടുകൾ പൊളിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മതസ്ഥലങ്ങളെ ബിജെപി രാഷ്ട്രീയ സ്വത്തായി കാണുകയാണെന്ന് സമാജ്വാദി പാർട്ടി എംപി രാജീവ് റായ് പറഞ്ഞു.
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപി പരാജയപ്പെട്ടതും വാരണാസി, പ്രയാഗ്രാജ്, മഥുര എന്നിവിടങ്ങളിലെ സമീപകാല എംഎൽസി തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികളും രാജീവ് റായ് ചൂണ്ടിക്കാട്ടി. മോഷ്ടിക്കാൻ പുതിയൊരു ഇടമാണോ മഥുരയിൽ ബിജെപി കണ്ടെത്തിയത് എന്ന് ചോദിച്ച അദ്ദേഹം ശ്രീകൃഷ്ണൻ അവർക്ക് നല്ല ബുദ്ധി നൽകട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
Content Highlights: Ahead of the upcoming Uttar Pradesh Assembly elections, BJP revived the Mathura Krishna Janmabhoomi temple demand with Deputy CM Keshav Prasad Maurya challenging SP chief Akhilesh Yadav to join the temple movement.