അഫ്ഗാൻ വാണിജ്യ-വ്യവസായ മന്ത്രി ഇന്ത്യയിൽ, വ്യോമ ഇടനാഴി ചർച്ചയായേക്കും

#ന്യൂസ് ഡെസ്ക്
നൂറുദ്ദീൻ അസീസിയെ ഇന്ത്യയിലേക്ക് സ്വീകരിക്കുന്നു | Photo: PTI
നൂറുദ്ദീൻ അസീസിയെ ഇന്ത്യയിലേക്ക് സ്വീകരിക്കുന്നു | Photo: PTI

ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി അഫ്ഗാൻ വാണിജ്യ-വ്യവസായ മന്ത്രി നൂറുദ്ദീൻ അസീസി. ഇന്ത്യൻ വാണിജ്യ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും വ്യവസായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വ്യാപാരത്തിനായി ഒരു വ്യോമ ഇടനാഴി സ്ഥാപിക്കണമെന്ന് മന്ത്രി ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താനുമായുള്ള ട്രാൻസിറ്റ് വ്യാപാരം അവസാനിപ്പിച്ചതിന് പിന്നാലെ, അഫ്ഗാൻ താലിബാൻ ഭരണകൂടം ഇറാനിലേക്കും ഇന്ത്യയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. നിലവിൽ 90 കോടി ഡോളറിലുള്ള ഇന്ത്യയുമായുള്ള വ്യാപാരം 200 -300 കോടി ഡോളറായി ഉയർത്താനാണ് ലക്ഷ്യം. കൂടാതെ ഇറാനിലെ ചാബഹാർ തുറമുഖത്തിന്റെ പരമാവധി ഉപയോഗവും അഫ്ഗാൻ ലക്ഷ്യമിടുന്നുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയും ഇന്ത്യയിലെത്തുകയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ ഇന്ത്യക്കും അഫ്ഗാനിസ്താനും പാകിസ്താനുമായി പ്രശ്നങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ചയെന്നത് പ്രാധാന്യമർഹിക്കുന്നു.

Content Highlights: Afghan Taliban`s Commerce Minister visits India to boost trade. Discussions include an air brigade, Chabahar Port, and increasing bilateral trade volume. Learn more!