ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ ബാര്‍ അസോസിയേഷനില്‍നിന്ന് പുറത്താക്കി; സുപ്രീം കോടതിയില്‍ പ്രവേശിക്കാനുമാകില്ല

ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, അഡ്വ. രാകേഷ് കിഷോര്‍ | ഫോട്ടോ: എ.എൻ.ഐ
ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, അഡ്വ. രാകേഷ് കിഷോര്‍ | ഫോട്ടോ: എ.എൻ.ഐ

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിക്കു നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ പുറത്താക്കി സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍ (എസ്‌സിബിഎ). രാകേഷ് കിഷോറിന്റെ താല്‍ക്കാലിക അംഗത്വം അസോസിയേഷന്‍ മരവിപ്പിക്കുകയായിരുന്നു.

സുപ്രീം കോടതി പരിസരത്ത് പ്രവേശിക്കുന്നതിനുള്ള രാകേഷ് കിഷോറിന്റെ എന്‍ട്രി കാര്‍ഡും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ സുപ്രീം കോടതി പരിസരത്ത് ഇയാള്‍ക്ക് പ്രവേശിക്കാനാകില്ല. തിങ്കളാഴ്ചയാണ് രാകേഷ് കിഷോര്‍, ചീഫ് ജസ്റ്റിസിനു നേര്‍ക്ക് ഷൂ എറിയാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി കോടതിക്ക് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ 11.45-ഓടെ അഭിഭാഷകരുടെ മെന്‍ഷനിങ് (കേസുകള്‍ വേഗം പരിഗണിക്കണമെന്ന് അഭ്യര്‍ഥിക്കല്‍) നടക്കുന്നതിനിടെയായിരുന്നു സംഭവം. മെന്‍ഷനിങ്ങിനായി അഡ്വ. ശിവം സിങ് തയ്യാറെടുക്കുമ്പോഴാണ് അതിക്രമമുണ്ടായത്. കൈയിലിരുന്ന കടലാസുകെട്ട് രാകേഷ് ബെഞ്ചിനുനേരേ വലിച്ചെറിയുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ കോടതിയില്‍നിന്ന് പുറത്താക്കുമ്പോള്‍, 'സനാതനധര്‍മത്തെ അവഹേളിച്ചാല്‍ പൊറുക്കില്ലെ'ന്ന് മുദ്രാവാക്യവും മുഴക്കിയിരുന്നു.

Content Highlights: advocate attempted to hurl shoe against cji expelled from scba