നൃത്തം ചെയ്തില്ലെങ്കില്‍ സസ്‌പെന്‍ഷനെന്ന് തേജ് പ്രതാപിന്റെ ഭീഷണി,പോലീസുകാരന്‍ നൃത്തം ചെയ്തു, നടപടി

പട്ണ: ഹോളി ആഘോഷത്തിനിടെ എംഎല്‍എയുടെ പാട്ടിന് നൃത്തം ചെയ്ത പോലീസ് കോണ്‍സ്റ്റബിളിനെതിരെ നടപടി. ബിഹാറിലാണ് സംഭവം. ആര്‍ജെഡി എംഎല്‍എയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജ് പ്രതാപ് യാദവിന്റെ പാട്ടിന് ചുവടുവെച്ച കോണ്‍സ്റ്റബിള്‍ ദീപക് കുമാറിനെയാണ് പട്ണ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ചുമതലകളില്‍ നിന്ന് നീക്കിയത്.
തേജ് പ്രതാപിന്റെ ബോഡി ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായിരുന്നു ദീപക് കുമാര്‍. ഈ ചുമതലയില്‍ നിന്നാണ് ഇദ്ദേഹത്തെ എസ്എസ്പി നീക്കിയത്. തേജ് പ്രതാപിന്റെ ബോഡി ഗാര്‍ഡായി മറ്റൊരു പോലീസുകാരനെ ചുമതലപ്പെടുത്തി.
എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് ദീപക് കുമാര്‍ നൃത്തം ചെയ്തത്. തേജ് പ്രതാപിന്റെ പട്ണയിലെ ഔദ്യോഗിക വസതിയില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. നൃത്തം ചെയ്തില്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന എംഎല്‍എയുടെ ഭീഷണിയെ തുടര്‍ന്നാണ് ദീപക് കുമാര്‍ ചുവടുവെച്ചത്. എംഎല്‍എ നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുന്നതിന്റേയും ദീപക് കുമാര്‍ നൃത്തം ചെയ്യുന്നതിന്റേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
'ഞാൻ ഇപ്പോള്‍ ഒരു പാട്ട് പാടും. നിങ്ങള്‍ നൃത്തം ചെയ്യണം. മടിക്കേണ്ട, ഇത് ഹോളിയാണ്. ഇന്ന് നിങ്ങള്‍ നൃത്തം ചെയ്തില്ലെങ്കില്‍ നിങ്ങളെ സസ്‌പെന്‍ഡ് ചെയ്യും.' -ഇതാണ് തേജ് പ്രതാപ് യാദവ് ദീപക് കുമാറിനോട് പറഞ്ഞത്. എംഎല്‍എ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.
വീഡിയോ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ആര്‍ജെഡിയുടെ 'ജംഗിള്‍ രാജ്' മനോഭാവത്തിന് ഉദാഹരണമാണ് ഇതെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിച്ചു. ഭരണഘടനാപദവികളെ അപമാനിക്കുന്നതും നിയമങ്ങളെ കാറ്റില്‍ പറത്തുന്നതുമാണ് ആര്‍ജെഡിയുടെ സംസ്‌കാരമെന്നും ആ പ്രത്യയശാസ്ത്രം ഒരുകാലത്തും മാറില്ലെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ പറഞ്ഞു.
പിതാവിനെ പോലെ തന്നെ മകനും എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. 'ലാലു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമത്തെ മുഴുവന്‍ നൃത്തം ചെയ്യിച്ചു. ഇപ്പോഴിതാ, അധികാരമില്ലെങ്കില്‍ പോലും മകന്‍ തേജ് പ്രതാപ് യാദവ് അതേകാര്യം ചെയ്യുന്നു. ബിഹാര്‍ മാറി, എന്നാല്‍ ആര്‍ജെഡിയുടെ മനോഭാവം പഴയതുപോലെ തന്നെ തുടരുകയാണ്.' -ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
Content Highlights: Bihar cop removed after dancing to Tej Pratap Yadav’s 'dance or be suspended' order during Holi