ഇന്ത്യസഖ്യ റാലിയിൽ സിജെപി പങ്കെടുക്കില്ല- മമത ബാനർജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അഭിജീത് ദിപ്കെ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെ. യുവാക്കളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകിയതിന് മമതയോട് നന്ദി അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടത്തുന്ന മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റാലിയിൽ സിജെപി ഔദ്യോഗികമായി പങ്കെടുക്കില്ലെന്ന് ദിപ്കെ അറിയിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കും സംഘടന എന്ന നിലപാട് നിലനിർത്താനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ ആദ്യ പ്രതിഷേധത്തിന് മമതാ ബാനർജി പിന്തുണ നൽകിയിരുന്നു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തപ്പോഴും മമത യുവാക്കൾക്കൊപ്പം നിന്നു. ഇതിന് നന്ദി അറിയിക്കാനാണ് ഡൽഹിയിലെത്തി മമതയെ കണ്ടതെന്ന് ദിപ്കെ പറഞ്ഞു. യുവാക്കളുടെ പ്രക്ഷോഭത്തിന് മമത ശക്തമായ പിന്തുണ നൽകിയെന്നും അറസ്റ്റുണ്ടായപ്പോഴും ഒപ്പംനിന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
ഞായറാഴ്ച നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ സിജെപി പങ്കെടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ്, പ്രതിഷേധത്തിന് പൂർണ പിന്തുണയുണ്ടെങ്കിലും സംഘടന ഔദ്യോഗികമായി ഭാഗമാകില്ലെന്ന് ദീപ്കെ വ്യക്തമാക്കിയത്. സിജെപി സ്വതന്ത്ര സംഘടനയും നിഷ്പക്ഷ വേദിയുമാണ്. ആ സ്വത്വം നിലനിർത്താനാണ് ആഗ്രഹിക്കുന്നത്. വോട്ടുകൊള്ളയ്ക്കെതിരെ പോരാടുന്ന എല്ലാവർക്കും സംഘടനയുടെ പിന്തുണയുണ്ടാകും. അവരുടെ രാഷ്ട്രീയ ബന്ധം പരിഗണിക്കില്ലെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും (എസ്ഐആർ) തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ പ്രതിഷേധിക്കുന്ന യുവാക്കളെ മമത അഭിനന്ദിച്ചു. മഹാറാലിക്ക് തൃണമൂൽ പ്രവർത്തകരുടെ പൂർണ പിന്തുണയുണ്ടാകും. ഈ മുന്നേറ്റത്തിന്റെ തുടക്കക്കാരും മുന്നണിപ്പോരാളികളും യുവാക്കളാണെന്നും അവരെയോർത്ത് താൻ അഭിമാനിക്കുന്നുവെന്നും മമത പറഞ്ഞു.
പശ്ചിമ ബംഗാളിലെത്തി പരിപാടികൾ സംഘടിപ്പിക്കാൻ ദിപ്കെയേയും മറ്റ് സിജെപി പ്രവർത്തകരേയും മമത ക്ഷണിച്ചു. കൊൽക്കത്തയിൽ പരിപാടി നടത്തുമോയെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് അവരാണെന്നും അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നുമായിരുന്നു മമതയുടെ മറുപടി.
Content Highlights: Cockroach Janata Party founder Abhijit Dipke met Mamata Banerjee to thank her for supporting youth protests, while clarifying CJP will not officially join the INDIA bloc mega rally to maintain its independent identity.