കോവിഡ് 19: പോരാട്ടത്തിന് മമത ബാനര്‍ജിക്കൊപ്പം നൊബേല്‍ സമ്മാനജേതാവ് അഭിജിത്ത് ബാനര്‍ജിയും

കൊല്‍ക്കത്ത: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാന്‍ ബംഗാള്‍ ഒരു സമിതി രൂപീകരിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. നൊബേല്‍ സമ്മാന ജേതാവായ അഭിജിത്ത് ബാനര്‍ജി സംഘത്തിലുണ്ടാകുമെന്നും മമത അറിയിച്ചു. 

'ലോക്ക്ഡൗണ്‍ കാരണം വരുമാനം നിലച്ചിരിക്കുകയാണ്. നമുക്കറിയില്ല എത്രനാള്‍ ഇങ്ങനെ തുടരേണ്ടി വരുമെന്ന്. ഭാവിയെ പറ്റി നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കോവിഡ് 19നോടുള്ള ദ്രുത പ്രതികരണ നയത്തിനായി സര്‍ക്കാര്‍ ഒരു ആഗോള ഉപദേശക സമിതി രൂപീകരിക്കും.നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി ഈ സമിതിയുടെ ഭാഗമായിരിക്കും.'മമതാ ബനര്‍ജി പറഞ്ഞു. 

പശ്ചിമബംഗാളില്‍ ഇതുവരെ 61 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, അതില്‍ 55 പേര്‍ ഏഴുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. 3000 പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്‌സ് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 2,27,000 പിപിഇ ഏര്‍പ്പെടുത്താന്‍ സാധിച്ചതായും അവര്‍ വ്യക്തമാക്കി. 

രോഗത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ അറിയിക്കുന്നില്ലെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ പറഞ്ഞു.'ഞാന്‍ പരാതിപ്പെടുന്നില്ല, പക്ഷേ എന്നെ അറിയിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.' അദ്ദേഹം പറഞ്ഞു.

Content Highlights: Abhijit Banerjee in Mamata Banerjee's Covid policy team 

Content Highlights: